കൊടക്കാട് നാരായണന്‍ മാഷെ മുഖ്യമന്ത്രി അഭിനന്ദിച്ചു

കൊടക്കാട് നാരായണന്‍ മാഷെ മുഖ്യമന്ത്രി അഭിനന്ദിച്ചു



കാഞ്ഞങ്ങാട്:  സാമൂഹ്യ ഇടപെടലുകളിലൂടെ വിദ്യാഭ്യാസ രംഗത്തെ ജനകീയമാക്കിയ കാഞ്ഞങ്ങാട്  മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവണ്‍മെന്റ് യു.പി.സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഡോ. കൊടക്കാട് നാരായണന്‍ മാസ്റ്ററെ മുഖ്യമന്ത്രി അഭിനന്ദിച്ചു. പ്രളയകാലത്ത് അധ്യാപക സമൂഹത്തിന് തന്നെ മാതൃകയായി നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍  കത്തിലൂടെ കൊടക്കാട്  നാരായണന്‍ മാഷെ  അഭിനന്ദിച്ചത്. 2018 ലെ  പ്രളയകാലത്ത്  ആഗസ്ത് 12നു തന്നെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ഫസ്റ്റ് സാലറി സാലഞ്ചിന് മാഷ് തുടക്കം കുറിച്ചിരുന്നു. ഇതാണ് പിന്നീട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു മാസശമ്പളം വാഗ്ദാനം ചെയ്യുന്നതിലേക്കെത്തിച്ചത്. കൂടാതെ 2018 സെപ്തംബര്‍ മുതല്‍ രണ്ടു ദിവസത്തെ വരുമാനവും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ രണ്ടു  ദിവസത്തെ വരുമാനം  രോഗികളുടെ ചികിത്സാ ചെലവിലേക്കും നല്‍കി വരുന്നുണ്ട്. നാലു ദിവസത്തെ വരുമാനം മരണം വരെ നല്‍കാനാണ് മാഷിന്റെ തീരുമാനം. പ്രളയകാലത്ത് വിദ്യാലയത്തിലെ കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും വിദഗ്ദ്ധരായ അമ്പതു പേരെയും കൂട്ടി ഒരാഴ്ചക്കാലം ചാലക്കുടി നഗരസഭയില്‍ മാഷുടെ നേതൃത്വത്തില്‍ നടത്തിയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രത്യേക പ്രശംസ പിടിച്ചു പറ്റിയിരുന്നു. പ്രളയ ദുരന്തം അനുഭവിച്ച പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ എത്തിക്കുവാന്‍ മാഷുടെ നേതൃത്വത്തില്‍ നടത്തിയ 'പുസ്തകസഞ്ചി'യും കേരളത്തിന് താങ്ങായി നിന്ന പ്രവര്‍ത്തനമായിരുന്നുവെന്ന് മുഖ്യമന്ത്രി കത്തില്‍ എടുത്തു പറയുന്നു. ജോലി ചെയ്യ്ത സ്ഥാപനങ്ങളിലൊക്കെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ മാഷ് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ വിദ്യാലയങ്ങളെ മികവിലേക്കുയര്‍ത്താനും സംസ്ഥാന- ദേശീയ തലങ്ങളില്‍ അംഗീകാരങ്ങളിലെത്തിക്കാനും കഴിഞ്ഞു. കൂട്ടക്കനി, കൊടക്കാട്, അരയി, കാഞ്ഞിരപ്പൊയില്‍, മുഴക്കോം, മൗക്കോട്, ബാര, ചാത്തങ്കൈ, മേലാങ്കോട്ട് മാതൃകകള്‍ മാഷിന്റെ അര്‍പ്പണ ബോധത്തിന് ഉദാഹരണമാണ് . 2015ലെ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൂടിയാണ് ഇദ്ദേഹം.

Post a Comment

0 Comments