ദില്ലി: ദേശീയപാതകളിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെ കര്‍ശന നടപടിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇത്തരം അനധികൃത പാര്‍ക്കിംഗുകള്‍ക്ക് വന്‍തുക പിഴ ചുമത്താനും ഒരാഴ്ചയ്ക്കകം അടച്ചില്ലെങ്കില്‍ വണ്ടി പിടിച്ചെടുത്തു ലേലം ചെയ്യാനുമാണ് നീക്കം. ഇതിന് ദേശീയപാതാ അതോറിറ്റിക്ക് അധികാരം നല്‍കാനാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ഇത്തരം വാഹനങ്ങള്‍ നീക്കിയിടാന്‍ മാത്രമാണ് അതോറിറ്റിക്ക് അധികാരമുള്ളത്. എന്നാല്‍ ദേശീയപാതാ നിയന്ത്രണ നിയമത്തിലെ (2012) 24, 26, 27, 30, 33, 36, 37, 43 വകുപ്പുകള്‍ പ്രകാരമാണ് അതോറിറ്റിക്കു പുതിയ അധികാരങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് അടക്കമുള്ള വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്ത് നിയമം നടപ്പാക്കാനാണ് ദേശീയപാതാ അതോറിറ്റിക്ക് ഉപരിതല ഗതാഗത മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശം.
അനധികൃത പാര്‍ക്കിംഗുകള്‍ക്കെതിരെ നടപടിയെടുക്കുന്നതിനൊപ്പം താല്‍ക്കാലിക ഗതാഗതനിരോധനം ഏര്‍പ്പെടുത്താനും ഹൈവേകളിലെ അനധികൃത കയ്യേറ്റങ്ങള്‍ തടയാനും ഒഴിപ്പിക്കാനും പിഴയിടാനും അധികാരമുണ്ടാകുമെന്നും നടപടികള്‍ക്കായി ദേശീയപാതാ അതോറിറ്റി വിചാരണമുറികളും സജ്ജീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
0 Comments