ദണ്ഡിയാത്ര അനുസ്മരിച്ച് വിദ്യാര്‍ത്ഥികള്‍ ഉപ്പു കുറുക്കി: ഗാന്ധി സ്മൃതിയില്‍ വെള്ളിക്കോത്ത് വിദ്യാലയം

ദണ്ഡിയാത്ര അനുസ്മരിച്ച് വിദ്യാര്‍ത്ഥികള്‍ ഉപ്പു കുറുക്കി: ഗാന്ധി സ്മൃതിയില്‍ വെള്ളിക്കോത്ത് വിദ്യാലയം




കാഞ്ഞങ്ങാട്: ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് ഊര്‍ജം പകര്‍ന്ന കെ മാധവ റെയുടെയും വിദ്വാന്‍ പി കേളു നായരുടേയും മഹാകവി പി കുഞ്ഞിരാമന്‍ നായരുടേയും കര്‍മ്മഭൂമിയായ വെള്ളിക്കോത്ത് ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍   ദണ്ഡി സത്യഗ്രഹ യാത്രയുടെ പുനരാവിഷ്‌ക്കാരം സംഘടിപ്പിച്ചു. മഹാത്മ ഗാന്ധിയുടെ 150 ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സബര്‍മതി മുതല്‍ ദണ്ഡി വരെ ഗാന്ധിജി   നടത്തിയ യാത്ര അനുസ്മരിക്കാന്‍ 150 കുട്ടികള്‍ പങ്കെടുത്ത പദയാത്രയാണ് സ്‌കൂളില്‍ നടത്തിയത്. സബര്‍മതി ആശ്രമം രൂപകല്പന ചെയ്ത്, ഗാന്ധിജിയുടെ വേഷം ധരിച്ച ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി വെങ്കിടേഷിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ മൈതാനത്ത് ഒരുക്കിയ ദണ്ഡിയിലേക്ക് പദയാത്ര നടത്തി. ഉപ്പു കുറുക്കി നിയമം ലംഘിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ അത്യുജ്വലമായ ഏട് ഓര്‍മിപ്പിക്കുന്ന മുഹൂര്‍ത്തം പുനരാവിഷ്‌കരിച്ചപ്പോള്‍ തുവെള്ള വസ്ത്രവും ഗാന്ധി തൊപ്പിയുമണിഞ്ഞ് കുട്ടികള്‍ പദയാത്രയില്‍ അണിനിരന്നു. തുടര്‍ന്ന് നടന്ന ഗാന്ധി സ്മൃതി സദസ്  എഴുത്തുകാരന്‍. പി.വി.കെ പനയാല്‍  ഉദ്ഘാടനം ചെയ്തു.  മഹാത്മജിയുടെ സ്മരണ പുതിയ കാലത്ത് സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകരുന്നതാണെന്ന് പി വി കെ പനയാല്‍ പറഞ്ഞു. വിദ്വാന്‍ പി കേളു ദേശീയ പതാക പുതച്ച് ജീവത്യാഗം ചെയ്ത, ഉപ്പുസത്യഗ്രഹികള്‍ക്ക് സ്വീകരണം നല്‍കിയ ചരിത്രഭൂമിയില്‍ ഉപ്പു സത്യഗ്രഹം പുനരാവിഷ്‌കരിച്ചത് അര്‍ത്ഥവത്താണെന്ന് പി വി കെ പനയാല്‍ പറഞ്ഞു
ദേശീയ-സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും ഗാന്ധി ഗീതങ്ങളുടെ സംഗീതജ്ഞനുമായ വെള്ളിക്കോത്ത് വിഷ്ണു ഭട്ടിനെ ചടങ്ങില്‍  കെ. വി രാഘവന്‍ മാസ്റ്റര്‍  പൊന്നാടയണിച്ച് ആദരിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍. ടി.പി.അബ്ദുള്‍ ഹമീദ് അധ്യക്ഷത വഹിച്ചു.  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ സ്‌കൂളിനുള്ള ഉപഹാരം ഹെഡ്മാസ്റ്റര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൈമാറി. സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പത്മപ്രിയ ബാപ്പുജി പ്രഭാഷണം നടത്തി. അധ്യാപിക എസ്.കെ  പ്രിയ സംസാരിച്ചു. അധ്യാപകന്‍ കെ. അനില്‍കുമാര്‍ സ്വാഗതവും  സ്റ്റാഫ് സെക്രട്ടറി സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ഗാന്ധിജിയെ കുറിച്ചുള്ള കവിതകള്‍ കോര്‍ത്തിണക്കിയ ഗാനലാപനവും സംഘടിപ്പിച്ചു.

Post a Comment

0 Comments