കാസര്‍കോട്: ഒരുമാസം മുമ്പ് കാണാതായ യുവാവിന്റെ അഴുകിയ മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റില്‍ കണ്ടെത്തി. ഉളിയത്തടുക്കയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഷൈന്‍കുമാര്‍ എന്ന ഷാനവാസിന്റെ(27) മൃതദേഹമാണ് കാസര്‍കോട് ആനവാതുക്കല്‍ റോഡിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ കിണറ്റില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതോടെ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തല വേര്‍പെട്ട നിലയിലുള്ള മൃതദേഹത്തിന് ഒരുമാസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്.കാസര്‍കോട്, വിദ്യാനഗര്‍ പോലീസ് സ്റ്റേഷനുകളിലടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഷാനവാസെന്ന് പോലീസ് പറഞ്ഞു.ഷാനവാസിനെ വിദ്യാനഗര്‍ പോലീസ് നേരത്തെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
ഒരു മാസം മുമ്പ് ഷാനവാസിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാവ് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഷാനവാസ് ഗോവ, എറണാകുളം ഭാഗങ്ങളില്‍ ഇടക്കിടെ താമസിച്ചിരുന്നതിനാല്‍ പോലീസ് ഇതുസംബന്ധിച്ച് കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല. അതിനിടെയാണ് യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കിണറില്‍ കണ്ടെത്തുന്നത്. ഷാനവാസിനെ അപായപ്പെടുത്തിയതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം. മൂന്നു വര്‍ഷം മുമ്പ് ചെട്ടുംകുഴിയിലെ ഒരു വിവാഹ വീട്ടില്‍ വെച്ച് സുഹൃത്തുക്കളുമായുണ്ടായ സംഘട്ടനത്തെ തുടര്‍ന്ന് യുവാവിന്റെ കാലിന് ഗുരുതരമായി പരുക്കേറ്റിരുന്നു.ഇതേ തുടര്‍ന്ന് കാലിന് സ്റ്റീല്‍ ഘടിപ്പിച്ചിരുന്നു. കൂടാതെ യുവാവ് ധരിച്ച മൂന്ന് സ്റ്റീല്‍ മോതിരവും കൈവിരലുകളിലുണ്ടായിരുന്നു. ഇതുകണ്ടാണ് മരിച്ചത് ഷാനവാസാണെന്ന് മാതാവും സഹോദരീ ഭര്‍ത്താവും തിരിച്ചറിഞ്ഞത്.എറണാകുളത്തെ ഒരു ജ്യൂസ് കടയില്‍ ജോലി ചെയ്തുവരികയായിരുന്നു ഷാനവാസ്. മൂന്നു വര്‍ഷം മുമ്പുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ടുണ്ടായ കേസിന്റെ ആവശ്യത്തിനായി കഴിഞ്ഞ മാസം നാട്ടിലെത്തിയതായിരുന്നു. സെപ്തംബര്‍ 25ന് കോടതിയില്‍ ഹാജരായതിനു ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ പോയതായിരുന്നു ഷാനവാസെന്നാണ് സഹോദരീഭര്‍ത്താവ് നൗഷാദും മാതാവ് ഫമീനയും പറയുന്നത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ കുറിച്ച് ഇപ്പോള്‍ വിവരമില്ലെന്ന് യുവാവിന്റെ ബന്ധുക്കള്‍ പറഞ്ഞു.ഷാനവാസിന്റേത് സ്വാഭാവിക മരണമല്ലെന്നും കൊലപാതകമാണെന്നും സംശയിക്കുന്നതായും മാതാവും സഹോദരീ ഭര്‍ത്താവും വെളിപ്പെടുത്തി. എട്ടു വര്‍ഷം മുമ്പാണ് ഷൈന്‍കുമാറിന്റെ പിതാവ് രമേശന്‍ മരണപ്പെട്ടത്. ഇതിനു ശേഷം രമേശന്റെ ഭാര്യ് പ്രമീളയും മക്കളായ ഷൈന്‍ കുമാറും ശരണ്യയും മതം മാറി ഫമീന, ഷാനവാസ്, ഷബ്‌ന എന്നീ പേരുകള്‍ സ്വീകരിച്ചത്. വിദ്യാനഗര്‍ പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളെത്തിയാണ് കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം ഷാനവാസിന്റേതാണെന്ന് വീട്ടുകാര്‍ ഉറപ്പിച്ചത്.
0 Comments