കണ്ണൂർ: ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാന് എതിരെ പോക്സോ കേസ്. കുടിയാന്മല പീഡനക്കേസിൽ ഇരയായ പെൺകുട്ടി കൗൺസിലിംഗിന് എത്തിയപ്പോൾ അപമര്യാദയായി പെരുമാറി എന്നാണ് പരാതി. ആദ്യത്തെ പീഡനത്തെ സംബന്ധിച്ച് മട്ടന്നൂർ മജിസ്ട്രേറ്റ് മുന്നിൽ രഹസ്യമൊഴി നൽകുമ്പോഴാണ് സി ഡബ്യൂ സി ചെയർമാൻ അപമര്യാദയായി പെരുമാറിയതിനെക്കുറിച്ച് കുട്ടി പരാമർശിച്ചത്.
സംഭവത്തെ പറ്റി ഉടൻ അന്വേഷിക്കാൻ കുടിയാന്മല പൊലീസിനോട് മട്ടന്നൂർ മജിസ്ട്രേട്ട് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്ന് ശിവപുരത്തെ സർക്കാർ നിയന്ദ്രിത കേന്ദ്രത്തിൽ കഴിയുന്ന പെൺകുട്ടിയിൽ നിന്നും കുടിയാന്മല പോലീസ് മൊഴിയെടുത്തു.-പെൺകുട്ടി ആരോപിച്ച കൗൺസിലിങ്ങ് നടന്നത് തലശ്ശേരി പൊലീസ് പരിധിയിലെ എരഞ്ഞോളി ആഫ്റ്റർ കെയർ ഹോമിലാണ് . അതുകൊണ്ട് കുടിയാന്മല പോലീസ് കേസെടുത്ത ശേഷം എഫ്.ഐ. ആർ തലശ്ശേരി പോലീസിന് കൈമാറുകയാണ് ചെയ്തത്.
അതേസമയം പെൺകുട്ടിയോട് ജോലിയുടെ ഭാഗമായുള്ള ചോദ്യങ്ങൾ മാത്രമാണ് ചോദിച്ചത് എന്ന് സിഡബ്ല്യുസി ചെയർമാൻ ന്യൂസ് 18 നോട് പറഞ്ഞു. വനിതാ കൗൺസിലർക്കൊപ്പം ഇരുന്നാണ് കുട്ടിയോട് സംസാരിച്ചത്. വീടുവിട്ടുപോയ കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന് കൗൺസിലിംഗിലൂടെ ആണ് വ്യക്തമായത്. അതിനെത്തുടർന്നാണ് ആണ് സംഭവത്തിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. ചോദ്യങ്ങൾ കുട്ടിക്ക് മാനസിക വിഷമം ഉണ്ടാക്കിയെന്ന കേസ് അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പ്രതികരിച്ചു.
0 Comments