തിരുവനന്തപുരം: സോളാർ കേസിൽ കോൺഗ്രസും യു.ഡി.എഫും പ്രതിരോധത്തിലായിരിക്കെ നേതൃത്വത്തെ വിമർശിച്ച് യുവ എം.എൽ.എ വി.ടി.ബൽറാം രംഗത്ത്. ആർ.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസിന്റെ ഗൂഢാലോചന കേസ് നേരാവണ്ണം അന്വേഷിക്കാതെ ഇടയ്ക്കു വച്ച് ഉണ്ടാക്കിയ ഒത്തുതീർപ്പിന് പ്രതിഫലമാണ് സോളാർ കേസെന്ന് ബൽറാം തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ പറഞ്ഞു. ഇനിയെങ്കിലും അഡ്‌ജസ്‌റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച് തോമസ് ചാണ്ടിയടക്കമുള്ള കാട്ടുകള്ളന്മാരായ മന്ത്രിമാർക്കെതിരെ ശബ്ദമുയർത്താൻ കോൺഗ്രസ് നേതാക്കന്മാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി.പി.എമ്മിന്റെയും പിണറായി വിജയന്റേയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണ് ഇനിയും പ്രസിദ്ധപ്പെടുത്താത്ത സോളാർ അന്വേഷണ കമ്മഷൻ റിപ്പോർട്ടിന്മേലുള്ള കോൺഗ്രസ് നേതാക്കൾക്കെതിരായ തിരക്കുപിടിച്ച നടപടികൾ. വിശ്വാസ്യതയുടെ തരിമ്പെങ്കിലും ഈ റിപ്പോർട്ടിനുണ്ടെന്ന് ഇപ്പോഴത്തെ സൂചനകൾ വച്ച് അനുമാനിക്കാൻ കഴിയില്ല. കോൺഗ്രസ് മുക്ത ഭാരതം എന്നത് ദേശീയതലത്തിലെ ആർ.എസ്.എസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കിൽ 'കോൺഗ്രസ് മുക്ത കേരളം' എന്നതാണ് ഇവിടത്തെ സി.പി.എമ്മിന്റെ അപ്രഖ്യാപിത നയം. ആ ഗ്യാപ്പിൽ ബി.ജെ.പിയെ വിരുന്നൂട്ടി വളർത്തി സർവമേഖലകളിലും പരാജയപ്പെട്ട സർക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തെ വഴിതിരിച്ചു വിടാനാണ് ഇന്ന് കേരളം ഭരിക്കുന്നവർ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് തിരിച്ചടിക്കാൻ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾക്ക് കഴിയേണ്ടതുണ്ടെന്നും ബൽറാം പറഞ്ഞു.
0 Comments