കേരളത്തിലെ കുട്ടികളിൽ പൊണ്ണത്തടി കൂടുന്നു; ബോധവത്കരണവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്കൂളുകളിലേക്ക്

കേരളത്തിലെ കുട്ടികളിൽ പൊണ്ണത്തടി കൂടുന്നു; ബോധവത്കരണവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്കൂളുകളിലേക്ക്



തിരുവനന്തപുരം: കേരളത്തിലെ കുട്ടികളിൽ പൊണ്ണത്തടി കൂടുന്നുവെന്ന പഠനത്തിന്റെ പശ്ചാത്തലത്തിൽ ബോധവത്കരണവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്കൂളുകളിലേക്ക്. ഐ.എം.എ.യുടെ ‘ഫുഡ് സേഫ്റ്റി ഇനീഷ്യേറ്റീവ് കമ്മിറ്റി’യാണ് നേതൃത്വം നൽകുക.

ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുമായി ചേർന്ന് 14,000 സ്കൂളുകളിലെങ്കിലും നല്ല ഭക്ഷണത്തെക്കുറിച്ച് ബോധവത്കരണം നടത്തുകയാണ് ലക്ഷ്യമെന്ന് ഐ.എം.എ. പ്രസിഡന്റ് ഡോ. എം.ഇ. സുഗതൻ പറഞ്ഞു. സർക്കാർ, എയ്ഡഡ് സ്കൂളുകളിലാണ് ആദ്യം ബോധവത്കണം.

ലോകാരോഗ്യ സംഘടനയുടെ ‘ഹെൽത്തി ഫുഡ് പ്ലേറ്റ്’ എന്ന സങ്കല്പത്തെ സാക്ഷാത്കരിക്കാൻ രണ്ടുവർഷമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി, ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പോഷകങ്ങളുടെ അളവിനെക്കുറിച്ചും നല്ലഭക്ഷണത്തെക്കുറിച്ചും ബോധവത്കരണവും നടക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഈ പദ്ധതി.

ദേശീയ പോഷകാരോഗ്യ സർവേയിൽ, കേരളത്തിൽ അഞ്ചിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള 19 ശതമാനം കുട്ടികൾക്കും 10-നും 19-നും ഇടയിൽ പ്രായമുള്ള 32 ശതമാനം കുട്ടികൾക്കും പ്രമേഹസാധ്യതയുണ്ട്. ദേശീയതലത്തിൽ പത്തിലൊരു കുട്ടിക്ക് പ്രമേഹസാധ്യതയുള്ളപ്പോൾ കേരളത്തിൽ ഇത് പത്തിൽ മൂന്നാണ്. കൊച്ചി നഗരത്തിൽ ഐ.എം.എ. നടത്തിയ ബോഡി മാസ് ഇൻഡക്സ് (ബി.എം.ഐ.)പഠനത്തിൽ അഞ്ചുമുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന 57 ശതമാനം കുട്ടികളും പൊണ്ണത്തടിയുള്ളവരാണെന്ന് കണ്ടെത്തി. തിരുവനന്തപുരത്ത് തുടങ്ങിവെച്ച പദ്ധതി വൈകാതെ എല്ലാ ജില്ലകളിലും നടപ്പാക്കും.

Post a Comment

0 Comments