കപില്‍ മിശ്രയെ ആദ്യമായി തള്ളിപ്പറഞ്ഞ് ബി.ജെ.പി; പ്രസ്താവന അംഗീകരിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

കപില്‍ മിശ്രയെ ആദ്യമായി തള്ളിപ്പറഞ്ഞ് ബി.ജെ.പി; പ്രസ്താവന അംഗീകരിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്



ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിന് കാരണമായെന്ന് കരുതപ്പെടുന്ന വിദ്വേഷ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാവ് കപില്‍ മിശ്രയെ തള്ളി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. അത്തരം പ്രസ്താവനകള്‍ പാര്‍ട്ടി ഒരിക്കലും അംഗീകരിക്കുന്നില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

മിശ്രയ്‌ക്കെതിരെ രോഷം ശക്തമായ സാഹചര്യത്തിലാണ് ബി.ജെ.പി സ്വന്തം നേതാവിനെ തള്ളിപ്പറയുന്നത്. മറ്റൊരു ഷാഹീന്‍ബാഗ് അനുവദിക്കില്ലെന്നും പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പൊലീസിന് മൂന്നു ദിവസത്തെ സമയം നല്‍കുന്നു എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. അല്ലെങ്കില്‍ തങ്ങള്‍ ഇടപെടുമെന്നും അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കലാപമുണ്ടായത്. ഡി.സി.പി വേദ് പ്രകാശിനെ സാക്ഷി നിര്‍ത്തിയായിരുന്നു ഇദ്ദേഹത്തിന്റെ പ്രസ്താവന.

കോണ്‍ഗ്രസ് തങ്ങള്‍ക്ക് രാജധര്‍മ്മം പഠിപ്പിക്കേണ്ടതില്ലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാജധര്‍മ്മത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്ന വാക്കുകളാണ് സോണിയയും രാഹുലും പ്രിയങ്കയും നടത്തിയത്.

കലാപത്തില്‍ കുറ്റാരോപിതനായ താഹിര്‍ ഹുസൈനെ കപില്‍ മിശ്രയോട് ഉപമിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments