ബേക്കൽ: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ കോടതിയില്‍ ഉടന്‍ ആരംഭിക്കും. കുറ്റപത്രം അടക്കമുള്ള കേസ് രേഖകള്‍ വിചാരണക്കായി ഹൊസ്ദുര്‍ഗ് കോടതി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടിക്ക് കൈമാറി. ഇതോടെ വിചാരണക്ക് മുന്നോടിയായുള്ള നടപടി ക്രമങ്ങളും ആരംഭിച്ചു. മാങ്ങാട്ടെ കെ.എച്ച് ഷെമീന, ഭര്‍ത്താവ് ഉളിയത്തടുക്കയിലെ ഉബൈസ്, പൂച്ചക്കാട്ടെ അസ്നിഫ, മധൂര്‍ കൊല്യയിലെ ആയിഷ, പൂച്ചക്കാട് ബിസ്മില്ല റോഡിലെ പി.എസ് സൈഫുദ്ദീന്‍ ബാദുഷ എന്നിവരാണ് അബ്ദുല്‍ ഗഫൂര്‍ ഹാജി വധക്കേസില്‍ അറസ്റ്റിലായ പ്രതികള്‍. കേസിലെ മറ്റ് പ്രതികളായ ഉവൈസ്, ഷമ്മാസ് എന്നിവര്‍ കൊലപാതകത്തിന് ശേഷം ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. ഇവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. 2023 ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് ഗഫൂര്‍ ഹാജിയെ വീട്ടിലെ കിടപ്പുമറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. മരണത്തില്‍ ആദ്യം സംശയം തോന്നാതിരുന്നതിനാല്‍ സ്വാഭാവികമരണമെന്ന് കരുതി മൃതദേഹം പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കുകയായിരുന്നു. പിന്നീട് ഗഫൂര്‍ ഹാജിയുടെ കൈവശമുണ്ടായിരുന്ന 596 പവന്‍ സ്വര്‍ണം കാണാതായതോടെ ഹാജിയുടെ മരണത്തില്‍ സംശയമുയരുകയും മകന്‍ ബേക്കല്‍ പൊലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കുകയും ചെയ്തു. പൊലീസ് ഇടപെട്ട് മൃതദേഹം ഖബര്‍ സ്ഥാനില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ലഭിച്ചതോടെയാണ് ഇതൊരു കൊലപാതകമാണെന്ന് വ്യക്തമായത്.
0 Comments