ഡിപ്ലോമസി ആൻഡ് ജസ്റ്റിസിന്റെ അംബാസിഡറായി പ്രീത് നമ്പ്യാര്‍ നിയമിതനായി

ഡിപ്ലോമസി ആൻഡ് ജസ്റ്റിസിന്റെ അംബാസിഡറായി പ്രീത് നമ്പ്യാര്‍ നിയമിതനായി

കാഞ്ഞങ്ങാട്: റോം, ഇറ്റലി: ഇന്റർനാഷണൽ കൗൺസിൽ ഫോർ ഡിപ്ലോമസി ആൻഡ് ജസ്റ്റിസി(ഐ.സി.ഡി.ജെ) ന്റെ അംബാസിഡറായി മലയാളിയും പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരനുമായ പ്രീത് നമ്പ്യാർ നിയമിതനായി. ഇതോടെ ഐക്യരാഷ്ട്ര സഭയുടെ കീഴിൽ ഇറ്റലിയിൽ  പ്രവർത്തിക്കുന്ന സംഘടനയിൽ മുതിർന്ന സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യക്കാരനെന്ന അപൂർവ നേട്ടവും  കരസ്ഥമാക്കിയിരിക്കുകയാണ്  അദ്ദേഹം. 

സാഹിത്യത്തിലൂടെയുള്ള സാമൂഹിക പരിവർത്തനത്തിൽ പ്രീത് നമ്പ്യാർ നൽകി വരുന്ന സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് സംഘടന പരമോന്നത സ്ഥാനം  നൽകിയിരിക്കുന്നത്. ബൗദ്ധിക കസർത്തെന്നതിലുപരി സമൂഹത്തിലെ താഴെത്തട്ടിലുള്ളവരിലും മാനുഷിക മൂല്യങ്ങൾ എത്തിക്കുവാനുള്ള എഴുത്തുകാരുടെ പ്രതിജ്ഞാ ബദ്ധതയെ പോഷിപ്പിക്കുവാനായി സ്ഥാപിതമായ റൈറ്റേഴ്‌സ് ക്യാപ്പിറ്റൽ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സ്ഥാപകനും അധ്യക്ഷനുമാണ് അദ്ദേഹം. സാംസ്കാരിക വിനിമയത്തിലൂടെ ആഗോള ശാന്തിയും സമാധാനവും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന സംഘടന ഇന്ന് മുപ്പതോളം രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.

ലോകത്തെയാകമാനം സ്വന്തം കുടുംബമായി തന്നെ കരുതുവാനുള്ള ഭാരതീയ ദർശനത്തെ  തുടർന്നും ആഗോള തലത്തിൽ പ്രതിനിധീകരിക്കാനുള്ള അവസരമായി സ്ഥാനലബ്ധിയെ കാണുന്നതായി പ്രീത് നമ്പ്യാർ പ്രതികരിച്ചു. ഇത് രാജ്യത്തിന് തന്നെയുള്ള അംഗീകാരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.  ലോകരാജ്യങ്ങളിൽ നയതന്ത്ര ബഹുമതികളോടെ യാത്ര ചെയ്യുവാനുള്ള യോഗ്യതകൾക്കൊപ്പം ഐക്യ രാഷ്ട്രസഭയുൾപ്പെടെയുള്ള ആഗോള സംഘടനകളിൽ പ്രതിനിധീകരിക്കാനും ഇതോടെ അദ്ദേഹത്തിന് അവസരമൊരുങ്ങുകയാണ്. 

അന്താരാഷ്‌ട്ര തലത്തിൽ ഏറെശ്രദ്ധേയമായ 'ദ വോയേജ് റ്റു എറ്റേണിറ്റി', 'സോളിറ്ററി ഷോർസ്' എന്നീ കൃതികളിലൂടെ ലോകജനതയ്ക്ക് പരിചിതനായ പ്രീത് നമ്പ്യാരുടെ കൃതികൾ സ്പാനിഷ്, ഇറ്റാലിയൻ, ചൈനീസ് തുടങ്ങി ഒട്ടേറെ ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്‌ട്ര തലത്തിൽ ഇതിനകം തന്നെ നിരവധി പുരസ്കാരങ്ങൾ  നേടിയിട്ടുള്ള അദ്ദേഹം തത്വ ചിന്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിലും പ്രശസ്തനാണ്.   

Post a Comment

0 Comments