ദുബായിലെ ക്ലിനിക്കിൽ സ്ത്രീക്ക് ലൈംഗിക പീഡനം; ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ

ദുബായിലെ ക്ലിനിക്കിൽ സ്ത്രീക്ക് ലൈംഗിക പീഡനം; ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ


ദുബായ്: ക്ലിനിക്കിൽ വച്ച് ഫിസിയോതെറാപ്പിസ്റ്റ് രോഗിയെ ലൈംഗികമായി പീഡിപ്പിച്ചതായി ആരോപണം. 45 വയസുള്ള കനേഡിയൻ സ്വദേശിനിക്കാണ് ഫിസിയോതെറാപ്പി ചികിത്സയ്ക്കിടെ ദുരനുഭവമുണ്ടായത്. ഫിസിയോതെറാപ്പിസ്റ്റ് കടന്നുപിടിക്കുകയും നെഞ്ചിൽ സ്പർശിച്ചശേഷം ചുംബിക്കുകയും ചെയ്തതായാണ് പരാതി.

ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് സംഭവം. സ്ത്രീയുടെ പരാതിയിൽ പാകിസ്ഥാൻ സ്വദേശിയായ 38കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. പ്രതി കുറ്റം ചെയ്തെന്നാണ് പ്രോസിക്യൂഷൻ റിപ്പോർട്ട്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ഉച്ചയ്ക്കുശേഷം രണ്ടുമണിയോടെയാണ് യുവതി ഫിസിയോ തെറാപ്പിക്കായി ക്ലിനിക്കിലെത്തിയത്. ചികിത്സ നടക്കുന്നതിനിടെ പ്രതി യുവതിയുടെ നെഞ്ചിൽ സ്പർശിച്ചു. യുവതി ഇക്കാര്യം ചോദ്യം ചെയ്തെങ്കിലും അത് ആവർത്തിക്കുകയാണ് പ്രതി ചെയ്തത്. തുടർന്ന് യുവതിയെ കടന്നുപിടിക്കുകയും ചുണ്ടിൽ ചുംബിക്കുകയും ചെയ്തു. യുവതി കുതറിമാറി അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു. വൈകാതെ പൊലീസ് എത്തി പാക് സ്വദേശിയായ ഫിസിയോ തെറാപ്പിസ്റ്റിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ലൈംഗിക പീഡനത്തിനാണ് പൊലീസ് കേസെടുത്തത്. വിചാരണ ജൂലൈ 15ന് വീണ്ടും തുടങ്ങും.

Post a Comment

0 Comments