കാസര്‍കോട്: പടഌിലെ ഷൈന്‍കുമാര്‍ എന്ന ഷാനവാസി (27) നെ കഠാരകൊണ്ട് കുത്തി കൊലപ്പെടുത്തിയ ശേഷം ഉപയോഗശൂന്യമായ കിണറില്‍ തള്ളിയ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയെ പിടികൂടാന്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കേസിലെ മൂന്നാംപ്രതി കുണ്ടങ്കാരടുക്കയിലെ റഷീദി (30)നെ കണ്ടെത്തുന്നതിനാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഇയാള്‍ ഒളിവിലാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ കേസിലെ ഒന്നും രണ്ടും പ്രതികളായ മൊഗ്രാല്‍ കെ കെ പുറം ചളിയങ്കോട്ടെ മുനവ്വിര്‍ കാസിം എന്ന മുന്ന(25), നെല്ലിക്കുന്ന് കടപ്പുറം ശാന്തിനഗറിലെ കെ ജയചന്ദ്രന് എന്ന ജയ്യു(43) എന്നിവരെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഇരുവരെയുംകാസര്കോട് ഡി വൈ എസ് പി പി പി സദാനന്ദന്, സി ഐ അബ്ദുറഹീം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഷാനവാസിനെ കഠാരകൊണ്ട് കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്ന് രണ്ട് പ്രതികളും പോലീസിനോട് സമ്മതിച്ചു. ഷാനവാസിന്റെ വയറിനും കുത്തേറ്റിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി ചട്ടഞ്ചാലിലെ ഒരു കടയില്‍ നിന്ന് വാങ്ങിയതാണെന്ന് പ്രതികള്‍ വെളിപ്പെടുത്തി. പ്രതികള്‍ കത്തിവാങ്ങിയതായി ചട്ടഞ്ചാലിലെ കടയുടമയും പോലീസിനോട് സമ്മതിച്ചു. എന്നാല്‍ കത്തി കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഷാനവാസിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാസര്‍കോട് ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ കിണറിലിട്ടപ്പോള് കത്തിയും അവിടേക്ക് എറിഞ്ഞുവെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. കത്തികണ്ടെടുക്കാന് കിണറില്‍ തിരച്ചില്‍ നടത്തേണ്ടി വരും. കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളും ഷാനവാസുമായി നേരത്തെ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഷാനവാസിനെ കൊലപ്പെടുത്തുക യെന്ന ലക്ഷ്യത്തോടെയാണ് മൂന്ന് പേരും അനുനയിപ്പിച്ച് ദിനേശ് ബീഡികമ്പനിക്ക് സമീപം കൊണ്ടു വന്നതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. മുനവ്വിറിനെതിരെ കഞ്ചാവ് കടത്തുള്‍പ്പെടെ 12 കേസുകള്‍ കാസര്‍കോട്, വിദ്യാനഗര്‍, പോലീസ് സ്റ്റേഷനുകളിലായി നിലവിലുണ്ട്. ജയചന്ദ്രനെതിരെ വധശ്രമം ഉള്‍പ്പെടെ ഒമ്പത് കേസുകളാണുള്ളത്.
0 Comments