ഒരുവര്‍ഷം മുമ്പ് രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താനായില്ല; സുബൈദവധക്കേസ് ജില്ലാകോടതി മാര്‍ച്ച് മൂന്നിലേക്ക് മാറ്റിവെച്ചു

ഒരുവര്‍ഷം മുമ്പ് രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താനായില്ല; സുബൈദവധക്കേസ് ജില്ലാകോടതി മാര്‍ച്ച് മൂന്നിലേക്ക് മാറ്റിവെച്ചു


കാസര്‍കോട്; പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ (60) കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ ഒരു പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിട്ട് ഒരുവര്‍ഷം പിന്നിട്ടു.
കേസിലെ മൂന്നാം പ്രതിയായ കര്‍ണാടക സുള്ള്യ അജ്ജാവരയിലെ അസീസ് ആണ് പോലീസിന് പിടികൊടുക്കാതെ ഒരുവര്‍ഷത്തിലേറെയായി ഒളിവില്‍ കഴിയുന്നത്. ഇതോടെ കേസിന്റെ വിചാരണ അനിശ്ചിതത്വത്തിലായി. സുബൈദ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ മറ്റൊരു കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് അസീസിനെ കര്‍ണാടകയിലെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോയിരുന്നു. തിരിച്ചു വരുമ്പോള്‍ സുള്ള്യ ടൗണില്‍ നിന്ന് പോലീസിനെ വെട്ടിച്ച് അസീസ് രക്ഷപ്പെടുകയായിരുന്നു. പ്രതി രക്ഷപ്പെട്ടതിനെ തുടര്‍ന്ന് പോലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രതി രക്ഷപ്പെട്ടതായി പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അസീസിനെ പിടികൂടാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിരവധി തവണ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ കണ്ടെത്താന്‍ ഡി ജി പിയുടെ നിര്‍ദേശപ്രകാരം പ്രത്യേക പോലീസ് സ്‌ക്വാഡിനും രൂപം നല്‍കിയിരുന്നു. കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ അസിസിനായി തിരച്ചില്‍ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. അസീസിനെ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ജില്ലാ കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കി. ഇതേ തുടര്‍ന്ന് കേസ് മാര്‍ച്ച് മൂന്നിലേക്ക് മാറ്റിവെച്ചു.
മധൂര്‍ പടഌകുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ ഖാദര്‍, പടഌകുതിരപ്പാടിയിലെ ബാവ അസീസ്, മാന്യയിലെ ഹര്‍ഷാദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. 2018 ജനുവരി 19 നാണ് സുബൈദയെ ചെക്കിപ്പള്ളത്തെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സുബൈദയെ കൈകാലുകള്‍ ബന്ധിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യുകയായിരുന്നു.

Post a Comment

0 Comments