അര്‍ദ്ധരാത്രി ആദിവാസി കോളനിയിൽ പിവി അൻവര്‍, തടഞ്ഞ് നാട്ടുകാര്‍; സംഘർഷം

അര്‍ദ്ധരാത്രി ആദിവാസി കോളനിയിൽ പിവി അൻവര്‍, തടഞ്ഞ് നാട്ടുകാര്‍; സംഘർഷം

 

നിലമ്പൂര്‍: അര്‍ദ്ധരാത്രി ഉള്‍ഗ്രാമത്തിലുള്ള ആദിവാസി കോളനിയിൽ എത്തിയ പിവി അൻവര്‍ എംഎൽഎയെ നാട്ടുകാര്‍ തടഞ്ഞു. ദുരുദ്ദേശത്തോടെയാണ് എംഎൽഎ എത്തിയത് എന്ന് ആരോപിച്ചാണ് നാട്ടുക‍ാർ സംഘടിച്ചത്. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


മലപ്പുറം നിലമ്പൂര്‍ മുണ്ടേരി അപ്പൻകാപ്പ് കോളനിയിൽ പി.വി. അൻവര്‍ എംഎൽഎയെ നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘർഷമുണ്ടായത്. എംഎൽഎയെ തടഞ്ഞതിന് പിന്നാലെ എൽഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ സംഘടിക്കുകയും ഏറ്റമുട്ടുകയും ചെയ്തു.


ഇന്നലെ രാത്രി 11 മണിയോട് കൂടിയാണ് എംഎൽഎ എത്തിയത്. ഈ സമയത്ത് എംഎൽഎ എത്തിയത് എന്തിനാണ് എന്ന് ചോദിച്ച് യൂഡിഎഫ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇതിനെതുടര്‍ന്ന് ചെറിയ തോതിലുള്ള സംഘര്‍ഷത്തിലേക്കും ഇത് മാറുകയായിരുന്നു.


പിന്നീട് എൽഡിഎഫ് പ്രവര്‍ത്തകര്‍ കൂടി എത്തിയതോടെ വലിയ തോതിലുള്ള സംഘര്‍ഷത്തിലേക്ക് മാറുകയായിരുന്നു. ഇതിനിടെ എംഎൽഎ തന്നെ പോലീസിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് എംഎൽഎയുടെ പരാതിയെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത യുഡിഎഫ് പ്രവര്‍ത്തകനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർ‍ത്തകര്‍ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.


അതേസമയം, തനിക്ക് നേരെയുണ്ടായത് വധശ്രമമാണെന്നും. ആര്യാടന്റെ ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്നും ശാരീരികമായി ഉപദ്രവിച്ച് കമ്യൂണിസ്റ്റ് രാഷ്ട്രീയം ഇല്ലാതാക്കാനാണ് ശ്രമമെന്നും പിവി അൻവർ എംഎൽഎ ആരോപിച്ചു.


'ഇത് ആര്യാടന്റെ തട്ടകമാണ്, മുണ്ടേരി തനിക്ക് അത് അറിയില്ലേ, തന്റെ പണി ഞങ്ങള്‍ തീര്‍ക്കും എന്നു പറയുന്ന ഇന്നും ആര്യാഡന്മാരുടെ ഗുണ്ടായിസവും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും അവസാനിച്ചിട്ടില്ലെന്നതിനുള്ള ഏറ്റവും വലിയ തെളിവുകളാണ്' എന്ന് പിവി അൻവർ എംഎൽഎ പറ‌ഞ്ഞു.


തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ നിലമ്പൂര്‍ മേഖലയിൽ ഇത് വലിയൊരു രാഷ്ട്രീയ വിഷയമായി മാറിയേക്കുമെന്നാണ് വിലയിരുത്തൽ. എന്നാല്‍, എന്തിനാണ് എംഎല്‍എ അവിടെ പോയത് എന്നത് വ്യക്തമല്ല.

Post a Comment

0 Comments