അബുദാബി: അബുദാബിയിലെ ഷോപ്പിങ് മാൾ, വലിയ സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ പ്രവേശിക്കാൻ ഗ്രീൻ പാസ് ഏർപ്പെടുത്തുന്നു. പൊതുസ്ഥലങ്ങളിൽ പ്രവേശനത്തിന് ഗ്രീൻ പാസ് ബാധകമാക്കുന്നതിന്റെ ഭാഗമായാണിത്. ഇൗ മാസം 15 മുതൽ ഇത് പ്രാബല്യത്തിൽ വരും. അൽ ഹൊസൻ ആപ്പിലൂടെയാണ് ഗ്രീൻ പാസ് നേടേണ്ടതെന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അതേസമയം, യുഎഇയിൽ മൂന്നിനും പതിനേഴിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ കോവിഡ് വാക്സീൻറെ ഫലപ്രാപ്തി പരിശോധിക്കാൻ പരീക്ഷണം തുടങ്ങുമെന്ന് ആരോഗ്യമന്ത്രാലയം. ചൈനീസ് വാക്സീനായ സിനോഫാമാണ് പരീക്ഷിക്കുന്നത്. വിവിധ രാജ്യങ്ങളിലെ 900 കുട്ടികളിൽ വാക്സീൻ പ്രതിരോധം നിരീക്ഷിക്കുകയും സമീപഭാവിയിൽ കുട്ടികളിൽ കുത്തിവയ്പ്പ് നടത്തുകയുമാണ് ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി. മാതാപിതാക്കളുടെ പൂർണസമ്മതത്തോടെയായിരിക്കും കുട്ടികളിൽ വാക്സീൻ പരീക്ഷണം നടത്തുക. തുടർന്ന് കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യും. രാജ്യാന്തര നിലവാരവും എല്ലാ ആരോഗ്യ പ്രോട്ടോക്കോളുകളും പാലിച്ചായിരിക്കും പരീക്ഷണമെന്ന് അബുദാബി ആരോഗ്യവകുപ്പ് വ്യക്തമാക്കി. നിലവിൽ 16 വയസിന് മുകളിലുള്ളവർക്കാണ് യുഎഇയിൽ വാക്സീൻ നൽകുന്നത്.
0 Comments