ഇന്ത്യന്‍ മുസ്ലിംകളെ ബാധിക്കുന്ന സുപ്രധാന വിഷയമായ വഖഫ് ബില്‍ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വയനാട് എംപി പ്രിയങ്കാ ഗാന്ധിയും കാണിച്ച അലംഭാവം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേത്തിനിടയാക്കി. രാഹുല്‍ സഭയിലുണ്ടായിരുന്നെങ്കിലും 14 മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ ഒരക്ഷരം പോലും മിണ്ടിയില്ല.
എക്സിലൂടെ മാത്രമാണ് രാഹുല്‍ ഗാന്ധി ബില്ലിനെതിരെ സംസാരിച്ചത്. ‘വഖഫ് ഭേദഗതി ബില്‍ മുസ്ലിംകളെ അരികുവത്കരിക്കാനുള്ള ആയുധമാണെന്നും അവരുടെ വ്യക്തിനിയമങ്ങളും സ്വത്തവകാശങ്ങളും കവര്‍ന്നെടുക്കുകയാണ് ലക്ഷ്യമെന്നുമായിരുന്നു’- രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചിരുന്നത്.
കോണ്‍ഗ്രസ് വിപ്പുണ്ടായിട്ടും പ്രിയങ്ക എത്താത്തതാണ് ചര്‍ച്ചയാകുന്നത്. ‘ ഗൗരവമായുള്ള കാര്യങ്ങള്‍ക്കെല്ലാതെ ആരെങ്കിലും വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുന്നത് ഉത്കണ്ഠ സൃഷ്ടിക്കുന്നതാണ് എന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രതികരണം.
വെട്ടിലായി ലീഗും കോണ്‍ഗ്രസും
ലോക്‌സഭയിലെ വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കാത്ത സംഭവത്തില്‍ വെട്ടിലായി കോണ്‍ഗ്രസും മുസ്‌ലിം ലീഗും. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നേതാക്കള്‍ സംസാരിച്ചല്ലോയെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഒഴിഞ്ഞുമാറി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍ ചോദ്യം കേട്ടതായി ഭാവിച്ചില്ല.
അതേസമയം, മുനമ്പത്തെ പ്രശ്‌നം വഖഫ് ബില്‍ പാസായാലും അവസാനിക്കില്ലെന്ന് വി.ഡി സതീശന്‍ പ്രതികരിച്ചു.ബില്ലിന് മുന്‍കാല പ്രാബല്യം ഇല്ലെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാല്‍ 10 മിനിറ്റ് കൊണ്ട് പ്രശ്‌നം പരിഹരിക്കാമെന്നും വി.ഡി സതീശന്‍ പറഞ്ഞു.
വീശദീകരണവുമായി പ്രിയങ്ക
കോണ്‍ഗ്രസ് വിപ്പുണ്ടായിട്ടും സഭയിലെത്താത്തതില്‍ വിശദീകരണവുമായി പ്രിയങ്ക ഗാന്ധി എം.പി. അസുഖബാധിതയായ ബന്ധുവിനെ സന്ദര്‍ശിക്കാനായി വിദേശത്തായിരുന്നുവെന്നാണ് പ്രിയങ്ക ഗാന്ധി പറയുന്നത്. കോണ്‍ഗ്രസ് അധ്യക്ഷനെയും സ്പീക്കറേയും അറിയിച്ചിട്ടാണ് പ്രിയങ്ക വിദേശയാത്ര നടത്തിയത്. പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന രണ്ട് ദിവസം സഭയില്‍ ഉണ്ടാകില്ലെന്ന് മുന്‍കൂട്ടി പ്രിയങ്ക അറിയിച്ചിരുന്നു. ലീവിന് അപേക്ഷിക്കുമ്പോള്‍ വഖഫ് ഭേദഗതി ബില്‍ കൊണ്ടുവരുമെന്ന് സൂചന ഉണ്ടായിരുന്നില്ലെന്നാണ് അനൗദ്യോഗിക വിശദീകരണം.
നിലപാട് മയപ്പെടുത്തി സിപിഎം
അതേസമയം, വഖഫ് ബില്ലിലെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന പ്രിയങ്കയുടെയും ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന രാഹുലിനെതിരെയും മയപ്പെട്ട നിലപാടുമായി സിപിഎം.സഭക്ക് അകത്തും പുറത്തും ശക്തമായ നിലപാട് എടുത്തയാളാണ് രാഹുലെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. ഇന്നലത്തെ സംഭവത്തിന്റെ പേരില്‍ മാത്രം രാഹുലിനെ അളക്കാനാവില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
0 Comments