നീറ്റ് പരീക്ഷയില്‍ വ്യാജ ഹാള്‍ ടിക്കറ്റ്; കേസില്‍ ട്വിസ്റ്റ്; അക്ഷയ ജീവനക്കാരി കസ്റ്റഡിയില്‍

നീറ്റ് പരീക്ഷയില്‍ വ്യാജ ഹാള്‍ ടിക്കറ്റ്; കേസില്‍ ട്വിസ്റ്റ്; അക്ഷയ ജീവനക്കാരി കസ്റ്റഡിയില്‍



 നീറ്റ് പരീക്ഷ എഴുതാൻ വിദ്യാർഥി വ്യാജ ഹാൾ ടിക്കറ്റുമായി എത്തിയ സംഭവത്തിൽ അക്ഷയ സെന്റർ ജീവനക്കാരി പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരി ഗ്രീഷ്മയെയാണ് പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാജ ഹാൾ ടിക്കറ്റ് തയാറാക്കിയതായി ഇവർ പൊലീസിനോട് സമ്മതിച്ചു. വിദ്യാർഥിയുടെ അമ്മ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ നൽകാൻ ഏൽപ്പിച്ചിരുന്നു. എന്നാൽ അപേക്ഷിക്കാൻ മറന്നുപോയി. ഇതിനാൽ വ്യാജ ഹാൾടിക്കറ്റ് തയാറാക്കി നൽകുകയായിരുന്നു എന്നാണ് ഗ്രീഷ്മയുടെ മൊഴി. ഗ്രീഷ്മ ജോലിക്കെത്തിയിട്ട് നാലു മാസം മാത്രമാണ് ആയിട്ടുള്ളതെന്ന് സ്ഥാപന ഉടമ പറഞ്ഞു.  സംഭവത്തിൽ വിദ്യാർഥിക്കെതിരെയും  കേസെടുത്തു. പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍റെ പരാതിയിലാണ് കേസ്. 

തിരുവനന്തപുരം അമ്പൂരി സ്വദേശിയായ വിദ്യാർഥിയാണ് ഇന്നലെ ഉച്ചയ്ക്ക് പത്തനംതിട്ട തൈക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പരീക്ഷാ ഹാളിൽനിന്ന് പിടിയിലായത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഹാൾടിക്കറ്റ് എടുത്തു നൽകിയത് നെയ്യാറ്റിൻകരയിലെ ഒരു കംപ്യൂട്ടർ സെന്റർ ജീവനക്കാരിയാണെന്ന് വിദ്യാർഥിയും അമ്മയും മൊഴി നൽകി. തുടർന്നാണ് ജീവനക്കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

അഡ്മിറ്റ് കാർഡിൽ പരീക്ഷ സെന്ററായി പത്തനംതിട്ട മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂളെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇന്നലെ രാവിലെ അമ്മയ്ക്കൊപ്പം വിദ്യാർഥി ഇവിടെയെത്തി. എന്നാൽ ഈ സ്കൂൾ പരീക്ഷാ സെന്ററായിരുന്നില്ല. തുടർന്ന് തൈക്കാവ് സ്കൂളിലെത്തി. കാർഡിലെ നമ്പർ പരിശോധിച്ചപ്പോൾ വിദ്യാർഥിക്ക് ഇവിടെ പരീക്ഷ ഇല്ലെന്നാണ് കണ്ടത്. ക്യൂ ആർ കോഡ് സ്കാൻ ചെയ്തപ്പോൾ മറ്റൊരു പേരാണ് തെളിഞ്ഞത്. പരീക്ഷാ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഒബ്സർവറും സ്കൂൾ അധികൃതരും വിവരം സ്റ്റേറ്റ് കോഓർഡിനേറ്ററെ അറിയിച്ചു.


വിദ്യാർഥിയുടെ അവസരം നഷ്ടമാകേണ്ടെന്നും പരീക്ഷയ്ക്ക് എത്താത്ത വിദ്യാർഥിയുടെ സീറ്റിലിരുന്ന് എഴുതാൻ അനുവദിക്കാമെന്നും തീരുമാനമായി. തുടർന്ന് ഒരു മണിക്കൂർ ഈ വിദ്യാർഥി പരീക്ഷ എഴുതുകയും ചെയ്തു. എന്നാൽ രേഖകൾ പരിശോധിച്ച സമയത്ത് ഇങ്ങനൊരു പേരിൽ വിദ്യാർഥി നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമായി.


അഡ്മിറ്റ് കാർഡിന്റെ പ്രധാന ഭാഗത്ത് പരീക്ഷ എഴുതാനെത്തിയ വിദ്യാർഥിയുടെ പേരും ഇതിലെ ഡിക്ലറേഷന്റെ ഭാഗത്ത് തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർഥിയുടെ പേരുമായിരുന്നു. ഡിക്ലറേഷന്റെ ഭാഗത്ത് പരാമർശിക്കപ്പെട്ട പേരിൽ ഒരു വിദ്യാർഥി തിരുവനന്തപുരത്ത് പരീക്ഷ എഴുതുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ ഒബ്സർവർ പൊലീസിൽ പരാതി നൽകി. തുടർന്ന് പത്തനംതിട്ട പൊലീസെത്തി വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തു.


Post a Comment

0 Comments