ദേശീയപാതാ നിര്‍മ്മാണത്തില്‍ വീഴ്ച കണ്ടെത്തി ; കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെ ഡീബാര്‍ ചെയ്തു

ദേശീയപാതാ നിര്‍മ്മാണത്തില്‍ വീഴ്ച കണ്ടെത്തി ; കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെ ഡീബാര്‍ ചെയ്തു




മലപ്പുറം കൂരിയാട് പ്രദേശത്ത് ദേശീയപാതയില്‍ മണ്ണ് ഇടിഞ്ഞുതാണ സംഭവത്തില്‍ കരാര്‍കമ്പനിയെ ഡീബാര്‍ ചെയ്ത് കേന്ദ്ര ഗതാഗത മന്ത്രാലയം. കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെയാണ് ഡീബാര്‍ ചെയ്തത്. ഇതോടെ തുടര്‍കരാറുകളില്‍ ഇവര്‍ക്ക് പങ്കെടുക്കാനാകില്ല. ദേശീയപാതയുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയ രണ്ടംഗ സമിതി പരിശോധിച്ച് നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി.


കണ്‍സള്‍ട്ടിംഗ് കമ്പനിക്കും വിലക്കുണ്ട്. കെഎന്‍ആറിന് നിര്‍മ്മാണത്തില്‍ വീഴ്ചയുണ്ടായതായിട്ടാണ് കണ്ടെത്തല്‍. ദേശീയപാത ഇടിഞ്ഞു താണ സംഭവത്തില്‍ കോണ്‍ഗ്രസിന്റെയും യൂത്ത് ലീഗിന്റെയും ഡിഎവൈഎഫ്‌ഐ യുടേയുമൊക്കെ വന്‍ പ്രതിഷേധങ്ങള്‍ കഴിഞ്ഞദിവസം പ്രദേശത്ത് ഉണ്ടായിരുന്നു. ഇതിന് പിന്നാലെ മലപ്പുറം എംപി കേന്ദ്രഗതാഗതമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വിവരം ധരിപ്പിക്കുകയും ചെയ്തിരുന്നു.

കൂടുതല്‍ കരാറുകാര്‍ക്കെതിരേ നടപടി വന്നേക്കും. മലബാറില്‍ പലയിടത്തും റോഡില്‍ വിള്ളലുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൂരിയാട് യൂത്ത് ലീഗിന്റെയും കുപ്പത്ത് ഡിവൈഎഫ്‌ഐ യുടേയും പ്രതിഷേധം നടന്നിരുന്നു. മേഘാ കമ്പനിയുടെ ഓഫീസ് ഡിവൈഎഫ്‌ഐ അടിച്ചു തകര്‍ത്തിരുന്നു. നേരത്തേ ദേശീയപാത തകര്‍ന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഐഐടി പ്രൊഫസര്‍ കെ.ആര്‍. റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെ നിയോഗിച്ചിരുന്നു.


വീഴ്ച സംഭവിച്ചെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. റോഡ്, പാലം, കെട്ടിടം എന്നിവ നിര്‍മ്മിക്കുമ്പോള്‍ പ്രദേശത്തെ മണ്ണു പരിശോധന അടക്കമുള്ള കാലാവസ്ഥ പഠിക്കേണ്ടതാണ്. ഇത് ശരിയായി നടത്തിയിട്ടില്ല എന്നതാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വയലില്‍ മേല്‍പാലങ്ങളോ തൂണുകളോ ചെയ്യാതെ മണ്ണിട്ടുയര്‍ത്തുമ്പോള്‍ മണ്ണു പരിശോധന അനിവാര്യമായ കാര്യമായിരുന്നു.

Post a Comment

0 Comments