ഉദുമ കാപ്പിലില്‍ ഹോംസ്‌റ്റേയില്‍ യുവതിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്താന്‍ ശ്രമം; കൊലക്കേസ് പ്രതിയടക്കം രണ്ടു പേർ അറസ്റ്റിൽ

ഉദുമ കാപ്പിലില്‍ ഹോംസ്‌റ്റേയില്‍ യുവതിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്താന്‍ ശ്രമം; കൊലക്കേസ് പ്രതിയടക്കം രണ്ടു പേർ അറസ്റ്റിൽ



ഉദുമ: കാപ്പിലില്‍ ഹോംസ്‌റ്റേയില്‍ യുവതിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ കേസെടുത്ത ബേക്കല്‍ പൊലീസ് കൊലക്കേസ് പ്രതിയടക്കം രണ്ടു പേരെ അറസ്റ്റു ചെയ്തു. ബാര, എരോല്‍, കുന്നുമ്മലിലെ മുഹമ്മദ് ഇര്‍ഷാദ് (28), എരോല്‍, എരോല്‍ ഹൗസിലെ എന്‍.എസ് അബ്ദുള്ള (29) എന്നിവരെയാണ് ബേക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈനും സംഘവും അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ജോലിയുടെ ഭാഗമായി തെക്കന്‍ ജില്ലയില്‍ നിന്നും എത്തിയ യുവതിയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. പാതിരാത്രിയില്‍ യുവതിയെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നു പറയുന്നു. തുടര്‍ച്ചയായി വിളിച്ചു ശല്യം ചെയ്തപ്പോള്‍ ഫോണ്‍ ബ്ലോക്ക് ചെയ്തു. ഇതേ തുടര്‍ന്ന് രണ്ടുപേരും ഹോംസ്‌റ്റേയില്‍ എത്തി യുവതി താമസിച്ചിരുന്ന മുറിയുടെ വാതിലില്‍ തട്ടുകയും അസഭ്യം പറയുകയും ചെയ്തുവത്രെ. ഇതോടെ യുവതി റിസപ്ഷനിലും പൊലീസിന്റെ 112 നമ്പറിലും വിളിച്ച് വിവരം പറഞ്ഞു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച യുവതി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയതോടെയാണ് ഇരുവര്‍ക്കുമെതിരെ ഭീഷണിപ്പെടുത്തിയതിനും മാനഭംഗത്തിനു ശ്രമിച്ചതിനും കേസെടുത്ത് അറസറ്റു ചെയ്തത്. പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. 2015 മെയ് 12ന് രാത്രി ഉദുമ, കണ്ണംകുളത്ത് വച്ച് ഷാഹുല്‍ ഹമീദ് എന്ന യുവാവിനെ കുത്തിക്കൊല്ലുകയും സഹോദരന്‍ ബാദുഷയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് മുഹമ്മദ് ഇര്‍ഷാദെന്ന് പൊലീസ് പറഞ്ഞു. ഉദുമ, പടിഞ്ഞാറിലെ ഒരു മരണവീട്ടിലേക്ക് ബൈക്കില്‍ പോകുന്നതിനിടയില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചുവെന്നാണ് ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. ഈ കേസില്‍ ഇര്‍ഷാദ് അടക്കമുള്ള എട്ടു പ്രതികളെ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) വെറുതെ വിട്ടിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Post a Comment

0 Comments