കാസർകോട് സ്‌റ്റേഷനില്‍ യാത്രക്കാരന്റെ പണവും ബാഗും കവര്‍ന്നു; റെയില്‍വേ ജീവനക്കാരന്‍ പിടിയില്‍

കാസർകോട് സ്‌റ്റേഷനില്‍ യാത്രക്കാരന്റെ പണവും ബാഗും കവര്‍ന്നു; റെയില്‍വേ ജീവനക്കാരന്‍ പിടിയില്‍




കാസര്‍കോട്: യാത്രക്കാരന്റെ പണവും രേഖകളുമടങ്ങിയ പഴ്സും ബാഗുകളും മോഷ്ടിച്ച റെയില്‍വേ ജീവനക്കാരന്‍ അറസ്റ്റില്‍. ബീഹാര്‍ നാരായണ്‍പൂര്‍ സ്വദേശിയും ട്രാക്ക് മാനുമായ സുബോധ് കുമാറാണ് റെയില്‍വേ പൊലീസിന്റെ പിടിയിലായത്.
നെല്ലിക്കുന്ന് സ്വദേശി അശോക് ഷെട്ടി(48)യുടെ ബാഗുകളും പഴ്സുമാണ് പ്രതി കവര്‍ന്നത്. ഈമാസം 18 നാണ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
ചണ്ഡീഗഡില്‍ നിന്നു കൊച്ചുവേളിയിലേക്ക് പോകുന്ന ട്രെയിനിലെ യാത്രക്കാരനായിരുന്നു അശോക്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് കാസര്‍കോട് റെയിവേ സ്റ്റേഷനില്‍ ഇറങ്ങിയയതായിരുന്നു അശോക്. 5900 രൂപയും ആധാറും ഡ്രൈവിങ് ലൈസന്‍സുമടങ്ങിയ പഴ്സും 2500 രൂപയുടെ പലവ്യഞ്ജന സാധനങ്ങള്‍ അടങ്ങിയബാഗും ഷോള്‍ഡര്‍ ബാഗും പ്ലാറ്റ് ഫോമില്‍ വച്ച് എന്തോ ആവശ്യത്തിന് മാറി നിന്നപ്പോഴേക്കും അവ നഷ്ടപ്പെട്ടിരുന്നു.
ഉടന്‍ തന്നെ അശോക് കാസര്‍കോട് റെയില്‍വേ പൊലീസില്‍ പരാതി നല്‍കി. പ്ലാറ്റ്ഫോമിലെ സിസിടിവി ദൃശ്യത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കാസര്‍കോട് റെയില്‍വേ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ റജികുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ എംവി പ്രകാശന്‍, ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ജ്യോതിഷ്, സിപിഒ അശ്വിന്‍ ഭാസ്‌കര്‍ എന്നിവര്‍ ചേര്‍ന്നാണ് തിങ്കളാഴ്ച പ്രതിയെ പിടികൂടിയത്. പ്രതിയെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Post a Comment

0 Comments