ട്രാഫിക് പൊലീസിന്റെ പേരിൽ വ്യാജ ചെലാൻ സൃഷ്ടിച്ച് തട്ടിപ്പ്; വാഹന ഉടമകൾക്ക് മുന്നറിയിപ്പ്

ട്രാഫിക് പൊലീസിന്റെ പേരിൽ വ്യാജ ചെലാൻ സൃഷ്ടിച്ച് തട്ടിപ്പ്; വാഹന ഉടമകൾക്ക് മുന്നറിയിപ്പ്



ട്രാഫിക് പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പേരിൽ നൂതന തട്ടിപ്പ് രീതിയുമായി ഓൺലൈൻ സംഘങ്ങൾ രംഗത്ത്. വ്യാജ ചെലാൻ സൃഷ്ടിച്ച് വാഹന ഉടമകളിൽനിന്ന് പിഴത്തുകയെന്ന പേരിൽ പണം തട്ടുന്നതാണ് പുതിയ തട്ടിപ്പ് രീതി. ഇ - ചെല്ലാൻ - ഡിജിറ്റൽ ട്രാഫിക് / ട്രാൻസ്പോർട്ട് ഇൻഫോഴ്സ്മെന്‍റ് സൊല്യൂഷൻ എന്ന തലക്കെട്ടിൽ ട്രാഫിക് നിയമലംഘനം നടത്തിയതായി കാട്ടി വാഹന ഉടമകളുടെ മൊബൈലുകളിലേക്ക് സന്ദേശം അയക്കുകയാണ് തട്ടിപ്പ് സംഘം ചെയ്യുന്നത്.

എം പരിവാഹൻ വഴി പണം അടയ്ക്കുന്നതിന് ഗൂഗിൾ പേ അല്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങൾ അതുമല്ലെങ്കിൽ അതാത് പോലീസ് സ്റ്റേഷനുകളിൽ നേരിട്ടും ആണ് പിഴ തുക അടക്കേണ്ടത്. എന്നാൽ തട്ടിപ്പ് തിരിച്ചറിയാതെ തട്ടിപ്പുസംഘം അയച്ചു നൽകുന്ന ലിങ്ക് തുറക്കുന്ന വാഹന ഉടമയോട് എ.ടി.എം കാർഡ് വഴി ഫൈൻ അടയ്ക്കാൻ സംഘം ആവശ്യപ്പെടും. ഇതിന് തയ്യാറാവുന്ന വാഹന ഉടമയോട് എ.ടി.എം കാർഡിന് പിൻവശത്തെ രഹസ്യ നമ്പർ കൂടി ആവശ്യപ്പെടും. ഇതോടെ അക്കൗണ്ടിലുള്ള മുഴുവൻ പണവും നഷ്ടമാകും.

ഇത്തരത്തിൽ വെള്ളിയാഴ്ച രാവിലെ 10 മണിയോടെ കുറ്റൂർ തെങ്ങേലി സ്വദേശിയും ഇൻഷുറൻസ് ഏജന്‍റുമായ സുരേഷ് കുമാറിന് തന്‍റെ ഉടമസ്ഥതയിൽ കെ.എൽ 27 -കെ 5301 രജിസ്റ്റർ നമ്പറിലുള്ള ബൈക്ക് നിയമലംഘനം നടത്തിയതായി കാട്ടി 500 രൂപയുടെ ചെല്ലാൻ ലഭിച്ചു. ഇതേ തുടർന്ന് സുരേഷ് കുമാർ തിരുവല്ല ട്രാഫിക് എസ്.ഐ എം.ജി. അനുരുദ്ധനെ ഫോണിൽ ബന്ധപ്പെട്ടു. ട്രാഫിക് എസ്.ഐ ആവശ്യപ്പെട്ട പ്രകാരം മൊബൈലിലേക്ക് വന്ന മെസ്സേജ് സുരേഷ് കുമാർ അയച്ചുനൽകി. ഇത് പരിശോധിച്ചതോടെയാണ് തട്ടിപ്പാണെന്ന് ഉറപ്പിച്ചത്.  കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം വ്യാജ മെസ്സേജ് ലഭിച്ച 15ഓളം പേർ ട്രാഫിക് പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നതായി ട്രാഫിക് എസ്.ഐ പറഞ്ഞു. ഓൺലൈൻ തട്ടിപ്പ് സംഘത്തിന്‍റെ പുതിയ തട്ടിപ്പുരീതിയാണ് ഇതെന്നും ഇത്തരം മെസ്സേജുകൾ തുറക്കാൻ ശ്രമിക്കരുതെന്നും ട്രാഫിക് എസ്.ഐ മുന്നറിയിപ്പ് നൽകി.

Post a Comment

0 Comments