പുതിയ 100 രൂപ നോട്ട് എടിഎമ്മുകളില്‍ ക്രമീകരിക്കാനായി മാത്രം നൂറു കോടി രൂപ ചെലവ് വരുമെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ രണ്ടര ലക്ഷത്തോളം വരുന്ന എടിഎമ്മുകളില്‍ പുതിയ നോട്ടിന് അനുസരിച്ച് ക്രമീകരിക്കാനായി ഇത്രയും വലിയ തുക വേണ്ടി വരുമെന്ന് എടിഎം കമ്പനികളുടെ സംഘടന അറിയിച്ചു.
പുതിയ 200 രൂപ നോട്ടുകള്‍ പുറത്തിറക്കിയെങ്കിലും എടിഎമ്മുകള്‍ പൂര്‍ണമായി ഇതിന് അനുസരിച്ച് ഇതുവരെ ക്രമീകരിക്കാന്‍ സാധിച്ചിട്ടില്ല. ഇതിനിടയിലാണ് പുതിയ നൂറു രൂപ നോട്ട് പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. രണ്ടു നോട്ടുകളും എടിഎം വഴി പൂര്‍ണമായി വിനിമയത്തിലെത്തണം എങ്കില്‍ ഒരു വര്‍ഷമെങ്കിലും സമയമെടുക്കുമെന്നാണ് ഇവര്‍ അറിയിച്ചത്.
നിലവിലുള്ള നൂറു രൂപാ നോട്ടിനു പുറമെ പുതിയ നൂറു രൂപാ നോട്ടുകള്‍ പുറത്തിറക്കുമെന്ന് കഴിഞ്ഞ ദിവസമാണ് റിസര്‍വ് ബാങ്ക് പ്രഖ്യാച്ചത്. മധ്യപ്രദേശിലെ ദേവാസിയിലെ സെക്യൂരിറ്റി പ്രസ്സില്‍ അച്ചടിക്കുന്ന നോട്ടുകള്‍ ഈ സെപ്റ്റംബറില്‍ പുറത്തിറങ്ങും.
66 മില്ലി മീറ്റര്‍ വീതിയും 142 മില്ലി മീറ്റര്‍ നീളവുമാണ് നോട്ടിന്റ വലിപ്പം. ഇത് നിലവിലുള്ള നൂറു രൂപയെക്കാള്‍ ചെറുതും പത്തു രൂപയെക്കാള്‍ വലുതുമായിരിക്കും. നോട്ടിന്റെ ഒരു വശത്ത് യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയിലുള്ള ‘റാണി കി വവ്’ എന്ന ചരിത്ര സ്മാരകത്തിന്റെ ചിത്രം ആലേഖനം ചെയ്യും. സൂക്ഷ്മമായ സുരക്ഷാ സംവിധാനങ്ങളോടു കൂടിയതാണ് പുതിയ നൂറു രൂപ നോട്ടുകള്‍.
പുതിയ നോട്ടുകള്‍ പുറത്തിറക്കിയാലും പഴയ നോട്ടുകള്‍ പിന്‍വലിക്കില്ലന്ന് ആര്‍ ബി ഐ വ്യക്തമാക്കിയിട്ടുണ്ട്. 2016 നവംബറില്‍ മോദി സര്‍ക്കാര്‍ നോട്ട് നിരോധിച്ചതിന് ശേഷം റിസര്‍വ് ബാങ്ക് 2000, 500, 200, 50, 10 രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. ഇവയ്ക്ക് പുറമെയാണ് പുതിയ നൂറു രൂപാ നോട്ടുകളും പുറത്തിറക്കുന്നത്.
0 Comments