കാഞ്ഞങ്ങാട്: ചെറുവത്തൂര്‍ കുട്ടമത്ത് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നവംബര്‍ 21, 22 തീയ്യതികളില്‍ നടക്കുന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നിറം മങ്ങും. പ്രളയദുരന്തത്തെ തുടര്‍ന്ന് കലോത്സവ നടത്തിപ്പിനുള്ള വിഹിതം സര്‍ക്കാര്‍ വന്‍തോതില്‍ വെട്ടിക്കുറച്ചതാണ് കലോത്സവത്തിന്റെ നിറം മങ്ങാന്‍ കാരണമാകുക. മുന്‍കാലങ്ങളില്‍ കലോത്സവ നടത്തിപ്പിനായി 19 ലക്ഷം രൂപയായിരുന്നു ജില്ലക്ക് അനുവദിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ഇത് നാലേമുക്കാല്‍ ലക്ഷമാക്കി കുറച്ചു. ഇതോടെ മുന്‍കാലങ്ങളില്‍ കലോത്സവ നടത്തിപ്പിന് സജീവമായി രംഗത്തിറങ്ങാറുള്ള മിക്ക അധ്യാപക സംഘടനകളും പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നില്‍ക്കുകയാണ്.
മത്സരങ്ങളില്‍ നിന്നും യുപി വിഭാഗത്തെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഏതാണ്ട് നാലായിരത്തോളം മത്സരാര്‍ത്ഥികളാണ് ചെറുവത്തൂരിലെ ജില്ലാ കലോത്സവത്തില്‍ മാറ്റുരക്കാനെത്തുന്നത്. ആര്‍ഭാടങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായി തോരണം ചാര്‍ത്തല്‍, ഘോഷയാത്ര, ഉദ്ഘാടനം തുടങ്ങിയവയെല്ലാം ഒഴിവാക്കിയിട്ടുണ്ട്. മത്സരദിനം രണ്ടു ദിവസമായി കുറക്കുകയും ചെയ്തു.
എങ്കിലും ഇത്രയും മത്സരങ്ങള്‍ നടത്താന്‍ ഒന്‍പത് വേദികള്‍ വേണം. എന്നാല്‍ കുട്ടമത്ത് സ്‌കൂളില്‍ ഇതിനുള്ള യാതൊരു സൗകര്യങ്ങളുമില്ല. സമീപത്തെ സ്വകാര്യ ഓഡിറ്റോറിയങ്ങളെയായിരിക്കും ഇതിനായി ആശ്രയിക്കേണ്ടിവരിക.
0 Comments