പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരുന്നു

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരുന്നു

ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരുന്ന കാര്യം പരിഗണിച്ചേക്കും. ജൂലായ് 25നാണ് അടുത്ത ജി.എസ്.ടി കൗണ്‍സില്‍ യോഗം. കേന്ദ്രധനകാര്യ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സംസ്ഥാന ധനകാര്യമന്ത്രിമാര്‍ പങ്കെടുക്കും.
ദീര്‍ഘനാളായി ഉന്നയിക്കപ്പെടുന്ന വിഷയമാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയില്‍ പെടുത്തുക എന്നത്. ഈ യോഗത്തില്‍ തീരുമാനമൊന്നും ഉണ്ടാകാനിടയില്ലെങ്കിലും വിഷയം പരിഗണിക്കപ്പെടുന്നതിനും പ്രാധാന്യമുണ്ട്.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി ഇളവ് ഈ യോഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. നിലവിലെ 12 ല്‍ നിന്ന് 5 ശതമാനമാക്കാനാണ് ആലോചന. കാറുകള്‍ക്കെല്ലാം 28 ശതമാനമാണ് ജി.എസ്.ടി. സൗരോര്‍ജത്താല്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്കും നികുതി ഇളവുണ്ടാകും. പാരമ്പര്യേതര ഊര്‍ജ ഉപകരണങ്ങള്‍ക്ക് ജി.എസ്.ടി ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശവുമുണ്ടായിരുന്നു.
ലോട്ടറിയുടെ നികുതി കാര്യവും ഇത്തവണ കൗണ്‍സില്‍ യോഗത്തിന്റെ മുന്നിലുണ്ട്. കഴിഞ്ഞ കൗണ്‍സിലില്‍ ഇക്കാര്യം അറ്റോര്‍ണി ജനറലിന്റെ നിയമ ഉപദേശത്തിന് വിട്ടതാണ്. നിലവില്‍ സംസ്ഥാനങ്ങള്‍ നേരിട്ടു നടത്തുന്ന ലോട്ടറികള്‍ക്ക് 12 ശതമാനവും അംഗീകത ഏജന്‍സികള്‍ നടത്തുന്നവയ്ക്ക് 28 ശതമാനവുമാണ് നികുതി.

Post a Comment

0 Comments