കാസർകോട്: വീട്ടിലെ സാഹചര്യം കൊണ്ടും, സാമൂഹികമായ പിന്നോക്കാവസ്ഥ മൂലവും പ്രഭാത ഭക്ഷണം കഴിക്കാനാകാത്ത കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ആവിഷ്‌കരിച്ച മധുരം പ്രഭാതം പദ്ധതിക്ക് തുടക്കമായി. ജില്ലാ ശിശു സംരക്ഷണ ഓഫീസ്, ജില്ലാ വിദ്യഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വ്വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു. നിലനില്‍പിന്റെ അടിസ്ഥാന ആവശ്യമായ ഭക്ഷണം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി എത്തിക്കാനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന പദ്ധതി ശ്ലാഘനീയമാണെന്ന് എംഎല്‍എ പറഞ്ഞു. പ്രളയ കാലങ്ങളില്‍ സഹജീവികളോട് ജില്ലയിലെ ജനങ്ങള്‍ കാണിച്ച സഹായമനസ്‌കത പദ്ധതിക്ക് സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നതിലും കാണാന്‍ സാധിക്കുന്നതായി അദ്ദേഹം പറഞ്ഞു.
വിശപ്പ് സഹിക്കാന്‍ സാധിക്കാതെ ആവശ്യമായ പരിപാലനം ലഭിക്കുന്നില്ലെന്ന ചിന്ത കുട്ടികളെ പിന്നീട് സാമൂഹിക വിരുദ്ധരായി മാറുന്ന സാഹചര്യം നിലവിലുണ്ടെന്നും ഇതില്‍ നിന്നെല്ലാം മാറി പഠനപ്രക്രിയയില്‍ പിറകോട്ട് പോകുന്ന വിദ്യാര്‍ത്ഥികളെ ക്ലാസ് മുറികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പദ്ധതി പ്രയോജനപ്പെടുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു. ബുദ്ധി വികാസത്തിന് പ്രഭാത ഭക്ഷണം അനിവാര്യമാണ്. ഇതിന്റെ അഭാവം മത്സരപരീക്ഷകളില്‍ പിന്നോട്ട് പോകുന്നതിന് കാരണമാകുന്നുണ്ട്. കുട്ടികളുടെ സമഗ്രമായ വളര്‍ച്ചയ്ക്കും വികസനത്തിനും പഠന-പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള ഈ പദ്ധതി ഒരുപക്ഷേ സംസ്ഥാനത്ത് തന്നെ ആദ്യമാണെന്ന് കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ 541 വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷണ ടോക്കണ്‍ എഇഒമാര്‍ മുഖാന്തരം വിവിധ സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് നല്‍കി.
എഡിഎം എന്‍ ദേവീദാസ്, സി ഡി സി ചെയര്‍പേഴ്‌സണ്‍ അഡ്വ. പി പി ശ്യാമളാ ദേവി, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പുഷ്പ, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സി എ ബിന്ദു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ടി ടി സുരേന്ദ്രന്‍, ഡിഇഒമാരായ നന്ദികേശന്‍ മാസ്റ്റര്‍, സരസ്വതി ടീച്ചര്‍, ജില്ലു ശിശുക്ഷേമ സമിതി എക്‌സിക്യുട്ടീവ് അംഗം അജയന്‍ പനയാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ സ്‌കൂളുകളുടെ പ്രധാനാധ്യാപകര്‍, പിടിഎ അധ്യക്ഷന്‍മാര്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ശിശുക്ഷേമസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ പങ്കെടുത്തു.
0 Comments