പ്രളയ ബാധിത പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്കായി സൗജന്യ സര്‍വീസുമായി ഇരുചക്ര വാഹനനിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി. പ്രളയത്തിൽ മുങ്ങിപ്പോയ വണ്ടികൾക്ക് സൗജന്യ സർവീസ് നൽകുമെന്ന് കമ്പനി അറിയിച്ചു. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഇത് ഗുണം ചെയ്യും.
പ്രളയത്തില്‍ മുങ്ങിയ കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നശിച്ച വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വീസ് നല്‍കാനാണ് ടിവിഎസ് തീരുമാനം. ഒരു ലക്ഷത്തില്‍പ്പരം വാഹനങ്ങള്‍ക്കാണ് പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ചത്. തിങ്കളാഴ്ച മുതല്‍ സെപ്തംബര്‍ 15 വരെയാണ് സര്‍വീസ് ക്യാമ്പ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
വാഹനങ്ങള്‍ക്ക് അതിവേഗം ഇന്‍ഷ്വറന്‍സ് ക്ലെയിം ഉറപ്പാക്കാന്‍ ഇന്‍ഷ്വറന്‍സ് കമ്പനികളുമായി ധാരണയായിട്ടുണ്ടെന്നും ടിവിഎസ് ഡയറക്ടറും സിഇഒയുമായ കെഎന്‍ രാധാകൃഷ്ണന്‍ അറിയിച്ചു. കമ്പനിയുടെ സാമൂഹ്യസേവന വിഭാഗമായ ശ്രീനിവാസന്‍ സര്‍വീസസ് ട്രസ്റ്റ് പ്രളയബാധിത സംസ്ഥാനങ്ങള്‍ക്ക് മൂന്നു കോടി രൂപ വീതം സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
0 Comments