കാസര്‍കോട്: മധ്യപ്രദേശിലെ ഫുട്ബോള്‍ സ്റ്റേഡിയങ്ങളില്‍ ഗോള്‍ റണ്ണുകള്‍ വര്‍ഷിച്ച് കാസര്‍കോട് ആലംപാടി സ്വദേശി താരമാവുന്നു. റത്ലം സിറ്റി എഫ്.സിയുടെ നായകന്‍ മുഹമ്മദ് ഷഹസാദാണ് ഈ താരം. ഉക്വയിലെ മോയില്‍ സ്റ്റേഡിയത്തില്‍ നടന്ന ഓള്‍ ഇന്ത്യ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ടീമിന് കിരീടം വാങ്ങിക്കൊടുത്ത ഷഹസാദ് സെമിയില്‍ ഹാട്രിക് നേടി കാണികളുടെ കയ്യടി നേടുകയും ചെയ്തു. ആദ്യ മത്സരത്തില്‍ മധ്യപ്രദേശ് പൊലീസിനെയും(3-4) രണ്ടാം മത്സരത്തില്‍ മഹാരാഷ്ട്ര അമരാവതിയെയും (4-5)സെമിഫൈനലില്‍ ഒറീസ ബളങ്കീറിനെയും(4-0) പരാജയപ്പെടുത്തി. സെമിയില്‍ ഷഹസാദിന്റെ ഹാട്രിക്കിലാണ് ടീമിന്റെ നേട്ടം. ഫൈനലില്‍ നീമെച്ച് എഫ്.സിയെ ടൈ ബ്രേക്കറില്‍ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്.
കാസര്‍കോട് നാഷണല്‍ സ്പോര്‍ട്സ് ക്ലബ്ബിലൂടെയും തളങ്കര ഫുട്ബോള്‍ അക്കാദമിയിലൂടെയും കാല്‍പന്ത് കളിയുടെ ബാലപാഠങ്ങള്‍ പഠിച്ചു വളര്‍ന്ന ഷഹസാദ് ടൂര്‍ണ്ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം മധ്യപ്രദേശ് മന്ത്രി ജയ്സ്വാളില്‍ നിന്ന് ഏറ്റുവാങ്ങി. ആലംപാടിയിലെ അസീസിന്റെ മകനാണ്.
ഷഹസാദിനെ ടി.എഫ്.എ. ചെയര്‍മാന്‍ യഹ്യ തളങ്കര, ടി.എ. ഷാഫി, അഡ്വ. വി.എം. മുനീര്‍, കെ.എം. ഹാരിസ്, ടി.എ. മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ റഹ്മാന്‍ ബാങ്കോട് എന്നിവര്‍ അഭിനന്ദിച്ചു.
0 Comments