കാസര്‍കോട്; വാഹനാപകടങ്ങള്‍ പതിവായ കേരള-കര്‍ണാടക അന്തര്‍സംസ്ഥാന പാതയിലെ കോട്ടൂര്‍ വളവില്‍ ഒന്നിന് പിറകെ ഒന്നായി വീണ്ടും അപകടം .ചൊവ്വാഴ്ച വൈകിട്ട് സ്വകാര്യ ബസും ബുധനാഴ്ച രാവിലെ ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. അഡൂരില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന ജാനകി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. ആര്‍ക്കും പരുക്കേറ്റിട്ടില്ല. യാത്രക്കാരുമായി വരികയായിരുന്ന ബസ് കോട്ടൂര്‍ വളവില്‍ എത്തിയപ്പോള്‍ നിയന്ത്രണം വിടുകയായിരുന്നു. ഇന്നലെ രാവിലെ കര്‍ണാടകയില്‍ നിന്ന് മരംകയറ്റി ചെര്‍ക്കള ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ഇതേ കലുങ്കില്‍ ഇടിക്കുകയായിരുന്നു.നവംബര്‍ രണ്ടിനാണ് ഈശ്വരനായക് സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ ലോറിയിടിച്ച് അപകടമുണ്ടായത്. റോഡിലേക്ക് തെറിച്ചുവീണ ഈശ്വരനായകിന്റെ ദേഹത്ത് ലോറി മറിയുകയും ചെയ്തിരുന്നു. ഗുരുതരമായി പരുക്കേറ്റ ഈശ്വരനായക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണപ്പെട്ടത്. നാല് വര്‍ഷം മുമ്പ് ഇതേ വളവിലുണ്ടായ വാഹനാപകടത്തില്‍ ആന്ധ്രയില്‍ നിന്ന് ശബരിമലയിലേക്ക് പോകുകയായിരുന്ന മൂന്ന് അയ്യപ്പ ഭക്തര്‍ മരണപ്പെട്ടിരുന്നു. ചെര്‍ക്കള ജാല്‍സൂര്‍ അന്തര്‍-സംസ്ഥാന പാതയുടെ അതിര്‍ത്തിയിലാണ് കോട്ടൂര്‍ വളവ്. ഈ വളവ് കഴിഞ്ഞാല്‍ ഇറക്കമാണുള്ളത്. അപകടങ്ങള്‍ പതിവായതോടെ വളവിന് മുന്നില്‍ ഈയിടെ ഹമ്പ് സ്ഥാപിച്ചിരുന്നു. എന്നാല്‍ ഹമ്പ് വന്നതോടെ ഇവിടെ അപകടങ്ങള്‍ വര്‍ദ്ധിച്ചുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
0 Comments