കാസര്‍കോട് നഗരത്തിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കുത്തിതുറന്ന് മോഷണം
Wednesday, November 06, 2019
കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കുത്തിതുറന്ന് മോഷണം. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റില്‍ നിന്ന് 15000 രൂപയാണ് കവര്‍ന്നത്. ചൊവ്വാഴ്ച രാത്രി കടയടച്ച് പോയതായിരുന്നു.ബുധനാഴ്ച രാവിലെ ജീവനക്കാര്‍ കടതുറക്കാനെത്തിയപ്പോഴായാണ് മോഷണം നടന്നതായി കണ്ടെത്തിയത്. എരുതുംകടവിലെ കുഞ്ഞാമുവിന്റെയും കോട്ടയത്തെ ബഷീറിന്റെയും ഉടമസ്ഥതയിലുള്ള കടയുടെ ഷട്ടര്‍ കുത്തിപ്പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ മേശവലിപ്പിലുണ്ടായിരുന്ന പണവുമായി സ്ഥലം വിടുകയായിരുന്നു. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച കമ്പിപ്പാരയും കട്ടറും ഇവിടെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മോഷ്ടാക്കളെന്ന് സംശയിക്കുന്നവരുടെ ദൃശ്യം സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. മാര്‍ക്കറ്റ് റോഡിലെ അബ്ദുല്ല സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഷട്ടര്‍ പൂട്ടും പൊളിച്ച നിലയില്‍ കണ്ടെത്തി. അന്‍വര്‍ സാദത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റാണിത്. ഇവിടെ സി സി ടിവിയുടെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്.ചൊവ്വാഴ്ച രാത്രി ഇതര സംസ്ഥാനക്കാരായ മൂന്ന് പേര്‍ ഈ കടയില്‍ ബിസ്‌ക്കറ്റ് വാങ്ങാന്‍ വന്നിരുന്നു. രാത്രിയില്‍ ഇവര്‍ ഈ ഭാഗത്തുതന്നെ ചുറ്റി കറങ്ങുന്നത് ചിലരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ കവര്‍ക്ക് പിന്നില്‍ മൂന്നംഗ സംഘമാണെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.
0 Comments