കൊല്ലം: ക്രൈംബ്രാഞ്ച് ഓഫീസിൽ ലഹരിയിലിരുന്ന എസ്.ഐ യെ പൊലീസ് കസ്റ്റഡിയിലെടുത്തു , കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിലെ എസ്.ഐ സലിമിനെയാണ് റൂറൽ എസ്.പി ഹരിശങ്കറിന്റെ നിർദ്ദേശ പ്രകാരം കൊട്ടാരക്കര എസ്.ഐ രാജീവും സംഘവും കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.
നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്നതാണ് സലിം. മൂന്നുപേർ ചേർന്ന് മദ്യപിച്ചുവെന്നാണ് സൂചന. പൊലീസെത്തുമ്പോൾ അകത്ത് നിന്ന് അടച്ചിരുന്ന മുറിയിൽ സലിം മാത്രമാണുണ്ടായിരുന്നത്. ഓഫീസിലി രുന്നാണോ മദ്യപിച്ചതെന്നതിന് തെളിവ് കണ്ടെത്തിയിട്ടില്ല. എന്നാൽ ഓഫീസിൽ ഡ്യൂട്ടിയ്ക്കിടെ മദ്യപിക്കുന്നുവെന്ന തരത്തിലാണ് എസ്.പിയ്ക്ക് സന്ദേശം ലഭിച്ചത്. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗമാണ് സലിം.
മെഡിക്കൽ പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ റൂറൽ എസ്.പിയ്ക്ക് റിപ്പോർട്ട് നൽകി.
ഡി.ഐ.ജിയ്ക്ക് റിപ്പോർട്ട് കൈമാറും. എസ്.ഐ സലിമിനെ മദ്യ ലഹരിയിൽ കസ്റ്റഡിയിലെടുത്തതിന്റെ റിപ്പോർട്ട് ഡി.ഐ.ജിയ്ക്ക് കൈമാറുമെന്ന് റൂറൽ എസ്.പി ഹരിശങ്കർ അറിയിച്ചു. ഡി.ഐ.ജിയാണ് നടപടി കൈക്കൊള്ളേണ്ടത്.
0 Comments