പാലക്കാട് 72 കാരിയുടെ കൊലപാതകം അതിക്രൂര ബലാത്സംഗത്തിനുശേഷം: പോസ്റ്റ്മോർട്ടം
Friday, March 06, 2020
പാലക്കാട്: തനിച്ചു താമസിച്ചിരുന്ന 72 കാരിയെ കൊലപ്പെടുത്തുന്നതിന് മുൻപ് പ്രതിയായ അയൽവാസി അതിക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. എലപ്പുള്ളിയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന പ്രതി പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പീഡനത്തിൽ നിന്നും രക്ഷപ്പെടാൻ വയോധിക ചെറുത്തു നിന്നതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. മൃതദേഹത്തിൽ പതിനഞ്ചോളം മുറിവുകൾ ഉണ്ട്. ആന്തരികാവയവങ്ങൾക്ക് സംഭവിച്ച ക്ഷതം ബലാസംഗത്തിനിടെ സംഭവിച്ചതാകാമെന്നാണ് നിഗമനം. ഇന്നലെയാണ് കേസിലെ പ്രതി എലപ്പുള്ളി കരിമ്പിയൻകാട് സ്വദേശി 33 കാരനായ ബാബുവിനെ പാലക്കാട് മേനോൻപാറയിലുള്ള ഇയാളുടെ ബന്ധുവീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇയാൾ അവിവാഹിതനാണ്. സ്ത്രീയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഇയാൾ ബന്ധുവീട്ടിലേക്ക് മാറുകയായിരുന്നു. കൊലപാതക വിവരമറിഞ്ഞ് സമീപവാസികളെല്ലാം എത്തിയിരുന്നുവെങ്കിലും അയൽവാസിയായ ബാബുവിനെ കാണാനുണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാബുവിനെ പിടികൂടുന്നത്. കൊല നടന്ന ചൊവാഴ്ച രാത്രി പണം ആവശ്യപ്പെട്ടാണ് ബാബു വയോധികയുടെ വീട്ടിലെത്തിയത്. പണം നൽകാനാവില്ലെന്ന് പറഞ്ഞതോടെ മാല തട്ടിപ്പറിയ്ക്കാൻ ശ്രമിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച വയോധിക കട്ടിലിലേയ്ക്ക് തലയടിച്ച് വീണു. പുറകെയെത്തിയ ബാബു ഇവരെ ബലാത്സംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മാലയും പണവുമായി പ്രതി രക്ഷപ്പെട്ടു. തൊഴിലുറപ്പിനു പോയി ജീവിച്ചിരുന്ന വയോധികയ്ക്ക് മൂന്ന് മക്കളുണ്ട്. ഇവരുടെ ഭർത്താവ് നേരത്തെ മരിച്ചു. ഒരു മകൻ അഞ്ചു വർഷം മുമ്പ് ആത്മഹത്യ ചെയ്തു. വിവാഹിതരായ രണ്ടു പെൺമക്കൾ ഭർതൃ വീട്ടിലാണ് താമസം.മകൻ മരിച്ചതിനു ശേഷം ഒറ്റയ്ക്കാണ് താമസം. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിപ്പെടുപ്പ് നടത്തി. മോഷ്ടിച്ച മാലയും പണവും പ്രതി താമസിച്ചിരുന്ന ബന്ധുവീട്ടിൽ നിന്നും കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി.
0 Comments