രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവുരടെ എണ്ണം 17 ആയെന്ന് ആരോഗ്യ മന്ത്രാലയം. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 724 ആയി.
രാജസ്ഥാനിൽ നിന്നാണ് പുതിയ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജസ്ഥാനിലെ ഭിൽവാര സ്വദേശിയാണ് മരിച്ചത്. ഇതോടെയാണ് രാജ്യത്തെ കൊവിഡ് മരണസംഖ്യ 17 ലേക്ക് എത്തിയത്.
ഇന്ന് ബിഹാറിൽ രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ ദുബായിൽ നിന്ന് മടങ്ങിയെത്തിയ വ്യക്തിയാണ്. മറ്റൊരാൾ വിദേശത്ത് പോയിട്ടില്ല. ബിഹാറിൽ ഇതുവരെ ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തെലങ്കാനയിലും ഇന്ന് ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ 45കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 45 ആയി.
മഹാരാഷ്ട്രയിൽ 128 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കേരളമാണ് രണ്ടാം സ്ഥാനത്ത്. സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 126 ആണ്. ഇന്നലെ 19 പേർക്കാണ് കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 9 പേർ കണ്ണൂർ ജില്ലക്കാരാണ്. മൂന്ന് പേർ വീതം കാസർഗോടും മലപ്പുറത്തും. തൃശൂരിൽ രണ്ട് പേർ. ഇടുക്കിയിലും വയനാട്ടിലും ഓരോരുത്തർ വീതം ചികിത്സയിലുണ്ട്.