ശനിയാഴ്‌ച, മാർച്ച് 14, 2020


കണ്ണൂർ: സംസ്ഥാനത്ത് കോഴിവില കുത്തനെ താഴ്ന്നതോടെ വഴിമുട്ടി കർഷകർ. കേരളത്തിലെ കോഴി കർഷകരിൽ മിക്കവരും പിടിച്ചു നിൽക്കാനാവാതെ തകർന്നിരിക്കുകയാണ്. ഫാമുകൾ പലതും അടച്ചു പൂട്ടി. ഇതോടെ ആത്മഹത്യാമുനമ്പിലാണ് ഈ മേഖലയിലെ കർഷകർ.

കൊറോണയ്ക്കു പിന്നാലെ പക്ഷിപ്പനിയും സംസ്ഥാനത്തെ പിടിച്ചു കുലുക്കിയതോടെയാണ് കോഴി വില കുത്തനെ താഴ്ന്നത്. കോഴിക്കോട് ജില്ലയിലും തലശേരിയിലും ആയിരക്കണക്കിന് കോഴികളെയാണ് കർഷകർക്ക് കൊന്നൊടുക്കേണ്ടി വന്നത്. നിലവിൽ 20 മുതൽ 45 രൂപ വരെയാണ് ഇറച്ചിക്കോഴിയുടെ മാർക്കറ്റ് വില. കോയമ്പത്തൂരിലെ ഫാമുകളിൽ നിന്നുൽപ്പാദിക്കുന്ന കോഴികളാണ് വടക്കേ മലബാറിലെ ഇറച്ചിക്കടകളിൽ വ്യാപകമായി വിറ്റഴിക്കുന്നത്. ഗ്രാമിന് 25 രൂപയിലും താഴേക്കാണ് തമിഴ്‌നാട്ടിലെ ഫാമുകളിൽനിന്നുള്ള വില. നേരത്തെ ഇവയ്ക്ക് 80 രൂപയ്ക്ക് മേൽ വിലകിട്ടിയിരുന്നു.

തമിഴ്‌നാട്ടിൽ ഉത്പാദിപ്പിക്കുന്ന കോഴികളിൽ 75 ശതമാനവും കയറ്റി അയക്കുന്നത് കേരളത്തിലേക്കാണ്. കിലോഗ്രാമിന് 75 രൂപയ്ക്കടുത്താണ് ഉത്പാദനച്ചെലവ് എന്നാണ് കർഷർ പറയുന്നത്. കേരളത്തിൽ ഇത് 80ലും അധികമാണ്. അതായത് 50 രൂപയ്ക്കും മേലേ നഷ്ടത്തിലാണ് കോഴിവിൽപ്പന. എന്നാൽ ആ വിലയ്ക്കുപോലും വിറ്റുപോകുന്നില്ലെന്ന് കർഷകർ പറയുന്നു.

നാമക്കൽ, കോയമ്പത്തൂർ, തിരുപ്പൂർ, ജില്ലകളിലായാണ് പ്രധാനമായും വൻതോതിൽ കോഴിഫാമുകൾ ഉള്ളത്. പ്രതിദിനം 500 കോടിയോളം രൂപയുടെ നഷ്ടമാണ് തമിഴ്‌നാട്ടിലെ കോഴി വ്യാപാരമേഖലയിൽ ഇപ്പോൾ ഉണ്ടാവുന്നത്. രാജ്യത്ത് ഇത് പ്രതിദിനം 1500 കോടിമുതൽ മുതൽ 2000 കോടിവരെയാണെന്നാണ് കേന്ദ്രസർക്കാരിൻ്റെ വിലയിരുത്തൽ. കൊറോണയുമായി പ്രത്യക്ഷത്തിൽ ബന്ധമൊന്നും ഉണ്ടായില്ലെങ്കിലും കൊറോണ ഭീതിയും കോഴിവിൽപ്പനയെ ബാധിച്ചിരുന്നു. ഇതിനു പിന്നാലെ കോഴിക്കോട് മേഖലയിൽ പക്ഷിപ്പനി കണ്ടെത്തിയതോടെയാണ് കോഴിവിൽപ്പന കൂപ്പുകുത്തിയത്.

കൊടും ചൂട്, ക്രിസ്തുമത വിശ്വാസികളുടെ നോമ്പ് എന്നിവ കാരണം നേരത്തേ തന്നെ വിൽപ്പന കുറഞ്ഞു തുടങ്ങിയിരുന്നു. മുട്ടവിലയും കുറഞ്ഞ് മൂന്നുരൂപ 18 പൈസയിലെത്തിയിരിക്കുകയാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ