ഒരേ ഫോട്ടോ, ഒരേ വിലാസം, അഞ്ചിടത്ത് പേര്; വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന് ചെന്നിത്തല

ഒരേ ഫോട്ടോ, ഒരേ വിലാസം, അഞ്ചിടത്ത് പേര്; വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന് ചെന്നിത്തല

 

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആസൂത്രിതമായ നീക്കം നടക്കുകയാണെന്നും ഇതിനെതിരെ കമ്മിഷനു പരാതി നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.


കാസര്‍ക്കോടെ ഉദുമ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേടു വ്യക്തമാക്കുന്ന വിവരങ്ങള്‍ ചെന്നിത്ത വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. ഇവിടെ കുമാരി എന്ന സ്ത്രീ അഞ്ചു തവണ പട്ടികയില്‍ പേരു ചേര്‍ത്തിട്ടുണ്ട്. ഒരേ ഫോട്ടോയും വിലാസവും നല്‍കിയാണ് ഇവര്‍ അഞ്ചു തവണയും പേരു ചേര്‍ത്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇത്. ഭരണമുന്നണിയെ അനുകൂലിക്കുന്ന ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്നു സംശയിക്കുന്നതായി ചെന്നിത്തല പറഞ്ഞു.


ഉദുമയിലേതു പോലെ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും വ്യാപകമായ ക്രമക്കേടു നടന്നിട്ടുണ്ട്. കൊല്ലത്ത് 2534ഉം തൃക്കരിപ്പൂരില്‍ 1436ഉം കള്ളവോട്ടര്‍മാര്‍ ഉള്ളതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയെന്ന് ചെന്നിത്തല പറഞ്ഞു. നാദാപുരത്ത് 6171ഉം കൂത്തുപറമ്പില്‍ 3525ഉം കഴക്കൂട്ടത്ത് 4506ഉം വ്യാജ വോട്ടര്‍മാരെ കണ്ടെത്തി. മറ്റു മണ്ഡലങ്ങളിലും വ്യാപകമായി ക്രമക്കേടുണ്ട്. ഇതിനെതിരെ കമ്മിഷനു പരാതി നല്‍കും. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.


സംസ്ഥാനത്ത് ബിജെപിയും സിപിഎമ്മും തമ്മില്‍ വോട്ടു കച്ചവടം നടന്നതായ, ആര്‍എസ്എസ് നേതാവ് ബാലശങ്കറിന്റെ ആരോപണം നിസ്സാരമായി കാണാനാവില്ലെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ പറഞ്ഞപ്പോള്‍ പരിഹസിക്കുകയാണ് സിപിഎം ചെയ്തത്. ബിജെപിയുമായി വോട്ടു കച്ചവടം ഉറപ്പിച്ചാണ് മുഖ്യമന്ത്രി കോണ്‍ഗ്രസ്-ബിജെപി ബന്ധമെന്ന ആക്ഷേപം ഉന്നയിച്ചതെന്ന് ചെന്നിത്തല പറഞ്ഞു.

Post a Comment

0 Comments