കാസറഗോഡ് : വികസന കാര്യത്തിൽ വളരെ പിന്നോക്കം നിൽക്കുന്ന കാസറഗോഡ് ജില്ലയുടെ സമഗ്ര വികസനം ഉറപ്പു വരുത്താനുള്ള ഇടപെടലുകൾ ജില്ലയുടെ ചുമതലയുള്ള തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലുമായി ചേർന്ന് ഉറപ്പു വരുത്തുമെന്ന് ഐ എൻ എൽ കാസറഗോഡ് ജില്ല സെക്രട്ടറി റിയാസ് അമലടുക്കം . ജില്ലയുടെ ചുമതല ജില്ലയുമായി അഭേദ്യമായ ബന്ധം കാത്തു സൂക്ഷിക്കുന്ന ദേവർകോവിലിന് നൽകിയത് വഴി ഇടതു സർക്കാർ ജില്ലയുടെ വികസന മേഖലയിൽ നിർണ്ണായകമായ ഇടപെടലാണ് നടത്തിയത് . ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി പൊതു ജനങ്ങളിൽ നിന്നും , വിദഗ്ദന്മാരിൽ നിന്നും അഭിപ്രായങ്ങൾ ശേഖരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു . ആരോഗ്യ മേഖലയിലും , അടിസ്ഥാന വികസനത്തിന്റെ കാര്യത്തിലും വളരെ പിന്നോക്കം നിൽക്കുന്ന കാസറഗോഡ് , മഞ്ചേശ്വരം മണ്ഡലങ്ങളിൽ പ്രത്യേക പരിഗണന നൽകി വികസനം ഉറപ്പു വരുത്താൻ ഉതകുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട് . കഴിഞ്ഞ ദിവസം മന്ത്രിയെ സന്ദർശിച്ച് ജില്ലയുടെ പിന്നോക്കാവസ്ഥയെ കുറിച്ച് വിശദമായി സംസാരിച്ചിട്ടുണ്ട് . ജില്ലയുടെ വികസന പദ്ധതികളെ കുറിച്ച് വിശാലമായ കാഴ്ചപ്പാടുള്ള ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ തന്നെ ദേവർകോവിലിന്റെ നേതൃത്വത്തിൽ വലിയ വികസനം ജില്ലയിൽ കൊണ്ട് വരാൻ സാധിക്കും എന്ന് തന്നെയാണ് പ്രതീക്ഷ . അത് ഉറപ്പു വരുത്തുന്നതിന് വേണ്ടി നിരന്തരമായ ഇടപെടലുകൾ ഇന്ത്യൻ നാഷണൽ ലീഗ് എന്ന പാർട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടാവും എന്ന് ജനങ്ങൾക്ക് ഞങ്ങൾ ഉറപ്പ് തരുന്നു . ജില്ലയുടെ സമഗ്ര വികസനം ഉറപ്പു വരുത്തി ഒരു പുതിയ കാസറഗോഡിനെ സൃഷ്ടിക്കാൻ ജില്ലയിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു .
0 Comments