പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ സ്മാരക പുരസ്‌കാരം കമാല്‍ വരദൂറിന്

പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ സ്മാരക പുരസ്‌കാരം കമാല്‍ വരദൂറിന്



കാഞ്ഞങ്ങാട്: മുസ്ലീംലീഗ് നേതാവ്, എഴുത്തുകാരന്‍, മത-വിദ്യാഭ്യാസ- സാംസ്‌കാരിക പ്രവര്‍ത്തകന്‍, പ്രഭാഷകന്‍, വിവര്‍ത്തകന്‍, ജനപ്രതിനിധി, ചന്ദ്രിക ലേഖകന്‍ തുടങ്ങിയ മേഖലകളില്‍ നിറഞ്ഞുനിന്ന പി. മുഹമ്മദ്കുഞ്ഞി മാസ്റ്ററുടെ ഓര്‍മ്മക്കായ് അതിഞ്ഞാല്‍ മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം ലോകോത്തര സ്പോര്‍ട്സ് ലേഖകനായ ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂറിന്. 10001 രൂപയും ശില്‍പവും പ്രശംസാപത്രവുമാണ് പുരസ്‌കാരം. ജൂലൈ അവസാനവാരത്തില്‍ അതിഞ്ഞാലില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാര സമര്‍പ്പണം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വര്‍ക്കിംഗ് ജേണലിസ്റ്റ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്, ബിബിസി ഇന്ത്യന്‍ സ്പോര്‍ട്സ് അവാര്‍ഡ് ജൂറി അംഗം, കേരള മീഡിയ അക്കാദമി അംഗം തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച കമാല്‍ വരദൂറിന് കേരള സംസ്ഥാന സ്പോര്‍ട്സ് അവാര്‍ഡ്, മികച്ച സ്പോര്‍ട്സ് ലേഖകനുള്ള എന്‍ഐബി അവാര്‍ഡ്, മുഷ്താഖ് സ്പോര്‍ട്സ് ജേണലിസം അവാര്‍ഡ്, ഷിഫ അല്‍ ജസീറ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, ദുബൈ കെഎംസിസി ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് അവാര്‍ഡ്, കുവൈത്ത് രാഗം ഇന്റര്‍നാഷണല്‍ അവാര്‍ഡ്, ബഹറൈന്‍ സ്പോര്‍ട്സ് അവാര്‍ഡ്, ഇന്തോ-അറബ് കോണ്‍ഫെഡറേഷന്‍ ഇന്റര്‍ നാഷണല്‍ അവാര്‍ഡ് തുടങ്ങി നിരവധി സംസ്ഥാന-ദേശീയ-അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒളിമ്പിക്സ് (ബീജിംഗ്, ലണ്ടന്‍, റിയോ), വേള്‍ഡ് കപ്പ് ഫുട്ബോള്‍, ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ്, ഏഷ്യന്‍ ഗെയിംസ് (ഖത്തര്‍, ചൈന), കോമണ്‍വെല്‍ത്ത് ഗെയിംസ്, പാന്‍-അറബ് ഗെയിംസ്, ക്രിക്കറ്റ് വേള്‍ഡ് കപ്പ്, ഏഷ്യന്‍ കപ്പ് തുടങ്ങീ ദേശീയ അന്തര്‍ ദേശീയ മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വയനാട് ജില്ലയിലെ വരദൂറിലാണ് ജനനം. ഭാര്യ സാജിത. മൂന്ന് മക്കള്‍.

സമിതി ചെയര്‍മാന്‍ തെരുവത്ത് മൂസ ഹാജി, വര്‍ക്കിംഗ് ചെയര്‍മാന്‍ ഹമീദ് ചേരക്കാടത്ത്, സ്മരണിക ചീഫ് എഡിറ്റര്‍ ടി. മുഹമ്മദ് അസ്ലം, അംഗങ്ങളായ ഫസല്‍ റഹ്‌മാന്‍, പി.എം. ഫൈസല്‍, സി.എച്ച്. സുലൈമാന്‍, ഖാലിദ് അറബിക്കാടത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Post a Comment

0 Comments