കൊച്ചി : മുട്ടില്‍ മരംമുറിക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അന്വേഷണം ശരിയായ ദിശയിലല്ല. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമാണെന്നും കോടതി വിമര്‍ശിച്ചു.
മുട്ടില്‍ മരം മുറിക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകുളം നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശനം. 701 കേസുകളാണ് മരംമുറിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
എന്നാല്‍ ഒരു കേസില്‍ പോലും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന് ചീഫ് ജസ്റ്റിസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നിഷ്‌ക്രിയത്വമാണ് ഇത് കാണിക്കുന്നത്.
കോവിഡ് മൂലമാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ഇത് ശരിയായ വിശദീകരണമല്ല. അറസ്റ്റിന് കോവിഡ് തടസ്സമല്ല എന്നും കോടതി വ്യക്തമാക്കി.
കേസില്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ വിശദീകരിച്ച് തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
0 Comments