ഫോട്ടോഗ്രാഫര്‍ ആര്‍.സുകുമാരനെ സൗഹൃദ കൂട്ടായ്മ ആദരിക്കുന്നു

ഫോട്ടോഗ്രാഫര്‍ ആര്‍.സുകുമാരനെ സൗഹൃദ കൂട്ടായ്മ ആദരിക്കുന്നു



കാഞ്ഞങ്ങാട്: നാല് പതിറ്റാണ്ടിലേറെയായി ഫോട്ടോഗ്രാഫി മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തി പൊതുസമൂഹത്തിന്റെ പ്രശംസയും അംഗീകാരവും  നേടിയ ആര്‍.സുകുമാരന്‍ ആശിര്‍വാദിനെ സൗഹൃദ കൂട്ടായ്മ നേതൃത്വത്തില്‍ ആദരിക്കുമെന്ന് ഡോ.എ.എം.ശ്രീധരന്‍, ടി.മുഹമ്മദ് അസ്ലം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര വാര്‍ത്താവിതരണ വകുപ്പ് നടത്തിയ ദേശീയതല ഫോട്ടോഗ്രാഫി മല്‍സരത്തില്‍ മികച്ച ഫോട്ടോഗ്രാഫറായി തെരഞ്ഞെടുക്കപ്പെട്ട സുകുമാരന് മാതൃഭൂമി കാര്‍ഷിക ഫോട്ടോഗ്രാഫി മല്‍സരത്തിലും എ.കെ.പി.എ നടത്തിയ ജില്ലാതല ഫോട്ടോഗ്രാഫി മല്‍സരത്തിലും നല്ല ഫോട്ടോഗ്രാഫര്‍ക്കുള്ള അംഗീകാരം നേടിയിരുന്നു. കൂടാതെ നിരവധി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രശംസാപത്രവും സുകുമാരന്‍ നേടിയിട്ടുണ്ട്.


നവംബര്‍ 12ന് രാവിലെ 11 മണിക്ക് ആനന്ദാശ്രമത്തിലെ സംപൂജ്യ മുക്താനന്ദ സ്വാമിജി സുകുമാരന് പ്രശസ്തമായ പയ്യന്നൂര്‍ പവിത്രമോതിരം അണിയിക്കും. വൈകിട്ട് മൂന്നിന് പി.സ്മാരക മന്ദിരത്തില്‍ നടക്കുന്ന അനുമോദന സമ്മേളനം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ഉപഹാര സമര്‍പ്പണം നടത്തും. പൊതുസമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങളും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ വിവിധ സംഘടനാ നേതാക്കളും ഫോട്ടോഗ്രാഫി മേഖലയിലെ സംഘടനാ ഭാരവാഹികളും ആദരഭാഷണം നടത്തും. കാഞ്ഞങ്ങാട് രാമചന്ദ്രന്‍, വെള്ളിക്കോത്ത് വിഷ്ണുഭട്ട്, പ്രമോദ്.പി.നായര്‍, വിശ്വംഭരന്‍, ടി.പി.ശ്രീനിവാസന്‍, അബ്ദുല്‍ജബ്ബാര്‍ തുടങ്ങിയവര്‍ ഒരുക്കുന്ന സംഗീതസദസ്സും ഉണ്ടായിരിക്കും.

Post a Comment

0 Comments