മനുഷ്യ കുഞ്ഞിനെ പോലെ കരയുന്ന ആട്ടിൻകുട്ടി; മുഖത്തിന് വാനരന്റെ രൂപസാദൃശ്യം

മനുഷ്യ കുഞ്ഞിനെ പോലെ കരയുന്ന ആട്ടിൻകുട്ടി; മുഖത്തിന് വാനരന്റെ രൂപസാദൃശ്യം

 



തിരുവനന്തപുരം: മനുഷ്യ കുഞ്ഞിന്റെ കരച്ചിലും, പഗ്ഗ് ഇനത്തിൽ പെട്ട നായകുട്ടിയുടെയും വാനരന്റെയും മുഖത്തോട് രൂപസാദൃശ്യമുള്ള അപൂർവ ആട്ടിൻകുട്ടി കാണികൾക്ക് കൗതുകക്കാഴ്ചയാകുന്നു. വർക്കല നഗരസഭയിലെ മുണ്ടായിൽ കല്ലാഴി വീട്ടിൽ ആശ വർക്കർ ബേബി സുമത്തിന്റെ വീട്ടിൽ ആണ് അപൂർവ സാദൃശ്യമുള്ള ആട്ടിൻകുട്ടി പിറന്നത്. ഇക്കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് ബേബി സുമത്തിന്റെ പൂർണ്ണ ഗർഭിണിയായ തള്ളയാട്‌ അപൂർവ ആട്ടിൻകുട്ടിക്ക് ജന്മം നൽകിയത്. തള്ളയാടിന്റെ മൂന്നാമത്തെ പ്രസവം ആണ് ഇപ്പോൾ നടന്നത്.


ആദ്യപ്രസവത്തിൽ ഒരു ആണാടും രണ്ടാമത്തെ പ്രസവത്തിൽ ഒരു പെണ്ണാടും മൂന്നാമത്തെ പ്രസവത്തിൽ ഇപ്പോൾ പിറന്ന അപൂർവ്വതയുള്ള പെണ്ണാടും ആണ് പിറന്നത്. ഇപ്പോൾ പിറന്നുവീണ ആട്ടിൻകുട്ടിയുടെ നെറ്റിതടത്തോട് ചേർന്ന് മധ്യഭാഗത്തായാണ് രണ്ട് കണ്ണുകളും രൂപപ്പെട്ടിട്ടുള്ളത്. മൂക്കിന്റെ പാലം ഇല്ല. പകരം ചെറിയൊരു സുഷിരം മാത്രമാണ് ഉള്ളത്. ശ്വസനം എല്ലാം ഇതിലൂടെ മാത്രമാണ്. മേൽചുണ്ടു ആകട്ടെ അപൂർണ്ണമാണ്‌. ഉടലും ശരീര ഭാഗങ്ങളും എല്ലാം എല്ലാംതന്നെ ആടിന്റേത് തന്നെയാണ്.


നാവ് ഒരു വശത്തേക്ക് മാത്രം സദാസമയം തൂങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. നാവും പല്ലുകളും മനുഷ്യന്റേത് പോലെ സാദൃശ്യവുമുണ്ട്. അതിനാൽ തള്ളയാട് മുലയൂട്ടുന്നതിന് വിസമ്മതം കാട്ടുന്നതിനാൽ കുപ്പിയിൽ നിപ്പിൾ ഘടിപ്പിച്ചാണ് വീട്ടുകാർ കുഞ്ഞിന് പാൽ നല്കിവരുന്നത്. കൂർമ്മതയുള്ള പല്ലുകൾ ആയതിനാൽ തള്ളയാടിന്‌ പാൽ ചുരത്തുന്ന അവസരത്തിൽ വേദന അനുഭപ്പെട്ടുന്നതാണ് കാരണം. മനുഷ്യ കുഞ്ഞിന്റെ കരച്ചിൽ പോലെയാണ്‌ ശബ്ദം.


ജംനാപ്യാരി ഇനത്തിൽപ്പെട്ട ആണാടിന്റെ ബീജസങ്കലനത്തിലൂടെ തള്ളയാട്‌ ജന്മം നൽകിയ ഈ അപൂർവ ആട്ടിൻകുഞ്ഞിനെ കാണാൻ ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ ബേബി സുമത്തിന്റെ വീട്ടിലേയ്ക്ക് എത്തുന്നുണ്ട്. അപൂർവ്വങ്ങളിൽ അപൂർവ്വമായി ആണ് ഇത്തരത്തിൽ ആട്ടിൻ കുട്ടികൾ പിറക്കുന്നത്. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് വേണ്ട നിർദ്ദേശങ്ങളും വിദഗ്ദ്ധ പരിചരണവും വർക്കല വെറ്റിനറി ഡോക്ടർ ചെയ്തു വരികയാണ്. ചില അസ്വസ്‌ഥതകൾ ആട്ടിൻകുട്ടി കാട്ടുന്നുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് വെറ്റിനറി വിഭാഗത്തിന്റെ വിലയിരുത്തൽ.


Post a Comment

0 Comments