പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു

LATEST UPDATES

6/recent/ticker-posts

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു

കണ്ണൂർ: പ്രശസ്‌ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അന്തരിച്ചു. 75 വയസായിരുന്നു. ഇന്ന് പുലർച്ചെ കണ്ണൂർ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു അദ്ദേഹം.


കാഫ് മലകണ്ട പൂങ്കാറ്റേ, ഒട്ടകങ്ങൾ വരി വരി വരിയായ് തുടങ്ങിയ ഗാനങ്ങളിലൂടെ ഇശലുകളുടെ ലോകത്ത് വ്യക്‌തിമുദ്ര പതിപ്പിച്ചയാളാണ് പീർ മുഹമ്മദ്. ദൂരദർശനിൽ ആദ്യമായി മാപ്പിളപ്പാട്ട് അവതരിപ്പിച്ചതിലൂടെയും ഇദ്ദേഹം പ്രശസ്‌തനായി.


അസീസ് അഹമ്മദിന്റെയും ബൽക്കീസിന്റെയും മകനായാണ് ജനനം. ഏഴാം വയസിൽ ‘ജനതാ സംഗീത സഭ’യിലൂടെ മാപ്പിളപ്പാട്ടിലേക്ക് ചുവടുവെച്ചു. തേൻതുള്ളി, അന്യരുടെ ഭൂമി എന്നീ സിനിമകളിലും പാടി. 1957- 90കളിൽ എച്ച്‌എംവിയിലെ ആര്‍ട്ടിസ്‌റ്റായിരുന്നു.


സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാര്‍ഡ് നൈറ്റിൽ മാപ്പിളപ്പാട്ട് അവതരിപ്പിക്കാനുള്ള അവസരം പീർ മുഹമ്മദിന് മാത്രമേ ലഭിച്ചിട്ടുള്ളൂ. 1976ലാണ് ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ചെന്നൈ ദൂരദർശനിലൂടെ മാപ്പിളപ്പാട്ട് അവതരിപ്പിച്ചത്. കേരളത്തിലും പുറത്തും ആയിരത്തോളം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ആയിരത്തോളം കാസറ്റുകൾ പുറത്തിറക്കി.


കേരള ഫോക്‌ലോർ അക്കാദമി അവാർഡ്, എവി മുഹമ്മദ് അവാർഡ്, ഒ അബു ഫൗണ്ടേഷൻ അവാർഡ്, മുസ്‌ലിം കള്‍ച്ചറൽ സെന്റർ അവാർഡ്, ഓൾ കേരള മാപ്പിള സംഗീത അക്കാദമി അവാർഡ്, കേരള മാപ്പിള കല അക്കാദമി അവാർഡ്, മോയിൻകുട്ടി വൈദ്യർ സ്‌മാരക അവാർഡ്, ദുബായ് മലബാർ കലാ സാംസ്‌കാരിക വേദി അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും പേർ മുഹമ്മദിനെ തേടിയെത്തിയിരുന്നു.

Post a Comment

0 Comments