വടകര: വീടിന്‍റെ ടെറസിലുണ്ടായ സ്ഫോടനത്തിൽ ആർ.എസ്എസ് പ്രവർത്തകന് ഗുരുതര പരിക്ക്. ബോംബ്
നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചെതായാണ് വിവരം. മണിയൂർ ചെരണ്ടത്തൂരിലെ മൂഴിക്കൽ മീത്തൽ ഹരിപ്രസാദി(30)നാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം.
ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയിൽ ഹരിപ്രസാദിന്‍റെ ഇരു കൈപ്പത്തികൾക്കുമാണ് ഗുരുതര പരിക്കേറ്റത്. ശരീരത്തിലും പരിക്കുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഫോടനം നടന്ന വീടിന്‍റെ ടെറസിൽ ചിതറിയ മാംസവും രക്തവും തളംകെട്ടിയ നിലയിലാണ്. സംഭവസ്ഥലത്തു നിന്നും പടക്കത്തിന്‍റെ അവശിഷ്ടങ്ങൾ പൊലീസിന് ലഭിച്ചു. പടക്കങ്ങൾ അഴിച്ച് വെടിമരുന്ന് ശേഖരിച്ച് സ്ഫോടകവസ്തു നിർമിച്ചതാണെന്നാണ് പൊലീസ് നിഗമനം. സ്ഫോടന വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ ടെറസിന്റ ചില ഭാഗങ്ങൾ വൃത്തിയാക്കിയ നിലയിലായിരുന്നു.
ആർ.എസ്.എസിന്‍റെ സജീവ പ്രവർത്തകനാണ് ഹരിപ്രസാദ്. പയ്യോളിയിൽ നിന്നും വടകരയിൽ നിന്നും പൊലീസ് സ്ഥലത്തെത്തി ഡോഗ് സ്ക്വാഡിന്‍റെ സഹായത്തോടെ പരിശോധന നടത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. വടകര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ