ബുധനാഴ്‌ച, ഏപ്രിൽ 13, 2022


 ന്യൂഡൽഹി: കോവിഡ് നാലാം തരംഗത്തിന്റെ ഭീഷണിയിൽ രാജ്യം നിൽക്കവെ ഡൽഹിയിൽ കൊവിഡ് വർധിക്കുന്നത് ആശങ്കയ്ക്ക് വഴിവെയ്ക്കുന്നു. ഫെബ്രുവരി-മാർച്ച് മാസത്തിൽ കേസുകൾ ഗണ്യമായി കുറഞ്ഞിരുന്നുവെങ്കിലും ഏപ്രിൽ ആദ്യവാരം മുതൽ കേസുകളിൽ വർധനവ് രേഖപ്പെടുത്തി.

ഗാസിയാബാദിലെ സ്വകാര്യ സ്‌കൂൾ വിദ്യാർഥികളായ പത്തോളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നോയിഡയിൽ ഒരു സ്‌കൂളിലെ മൂന്ന് അധ്യാപകർക്കും പതിനഞ്ച് വിദ്യാർഥികൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ദിരപുരത്തെ ഒരു സ്‌കൂൾ മൂന്ന് ദിവസത്തേക്ക് അടച്ചിടുകയും ചെയ്തു.

ഓൺലൈൻ ക്ലാസ്സുകൾ നടത്തും. അതേസമയം ഡൽഹിയിൽ വിദ്യാർഥികളിൽ വ്യാപിക്കുന്നത് കോവിഡ് XE വകഭേദമാണോ എന്നത് കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ അറിയാനാവൂ. നാലാം തരംഗത്തിന്റെ ഭീതി നിലനിൽക്കുന്നതിൽ രോഗവ്യാപനം തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

പ്രതിദിനം 150 കേസുകൾ വരെയാണ് ഡൽഹിയിൽ സ്ഥിരീകരിക്കുന്നത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്കിലും വർധനവുണ്ട്. തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ രണ്ട് മാസത്തെ ഏറ്റവും ഉയർന്നതാണ്.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ