നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഡാർക് വെബ്ബിൽ?

LATEST UPDATES

6/recent/ticker-posts

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഡാർക് വെബ്ബിൽ?

 



നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ ഡാർക് വെബ്ബിൽ ലഭ്യമെന്നു സ്ഥിരീകരിക്കാത്ത വിവരം. മെമ്മറി കാർഡ് മൂന്നു കോടതികളുടെ കസ്റ്റഡിയിൽ ഇരുന്നപ്പോഴും അനുമതിയില്ലാത്തെ തുറന്നു പരിശോധിച്ചതായി ഫൊറൻസിക് റിപ്പോർട്ടിൽ തെളി‍ഞ്ഞു. വിചാരണക്കോടതിയുടെ കസ്റ്റ‍ഡിയിലിരിക്കെ മെമ്മറി കാർഡ് പരിശോധിക്കാൻ ഉപയോഗിച്ച ഫോണിൽ ‘നിഖിൽ’ എന്ന പേരിൽ ലോഗിൻ ചെയ്ത വിഡിയോ ഗെയിം ഉണ്ടായിരുന്നതായി കണ്ടെത്തി. 


അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2018 ജനുവരി 9 നു രാത്രി 9.58 നു ലാപ്ടോപുമായി ഘടിപ്പിച്ചാണു കാർഡ് പരിശോധിച്ചത്. പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കസ്റ്റഡിയിലായിരുന്ന 2018 ഡിസംബർ 13 ന് രാത്രി 10.58ന് ആൻഡ്രോയിഡ് ഫോണിലിട്ടാണു കാർഡ് പരിശോധിച്ചിരിക്കുന്നത്. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2021 ജൂലൈ 19നു ഉച്ചയ്ക്ക് 12.30നു ജിയോ സിംകാർഡ് ഉപയോഗിക്കുന്ന വിവോ ഫോണിലിട്ടാണു കാർഡ് പരിശോധിച്ചതെന്നും ഫൊറൻസിക് പരിശോധനയിൽ വ്യക്തമായി. 


മെമ്മറി കാർഡിന്റെ ഡിജിറ്റൽ ഘടനയിൽ (ഹാഷ് വാല്യൂ) മൂന്നു തവണയെങ്കിലും മാറ്റം വന്നതായി കണ്ടെത്തി. കാർഡിന്റെ ഡിജിറ്റൽ ഘടനയിൽ സംഭവിച്ച മാറ്റം അതിലെ ദൃശ്യങ്ങളിൽ സംഭവിച്ചിട്ടില്ലെങ്കിലും അതിന്റെ മെറ്റാ ഡേറ്റയിൽ (അനുബന്ധ ഡേറ്റ) മാറ്റം കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരം കോടതി രേഖകളിൽ ഇല്ലാത്തതിനാൽ ദൃശ്യങ്ങൾ അനുവാദമില്ലാതെയാണ് കണ്ടിരിക്കുന്നത് എന്നതു വ്യക്തമാക്കുന്നുണ്ട്. കാർഡ് പരിശോധിക്കാൻ ഉപയോഗിച്ച ലാപ്ടോപ്, ആൻഡ്രോയ്ഡ് ഫോൺ വിവോ ഫോൺ എന്നിവയുടെ ഉടമകളെ കണ്ടെത്തുന്നതിനുള്ള ശ്രമവും അന്വേഷണ സംഘം നടത്തുന്നുണ്ട്. 


ഈ സാഹചര്യത്തിൽ തുടരന്വേഷണം പൂർത്തിയാക്കാൻ 3 ആഴ്ച അധിക സമയം ഹൈക്കോടതിയോടു ചോദിക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. സമൂഹമാധ്യമ ആപ്പുകൾക്കും വിഡിയോ ഗെയിമിനും വിവോ ഫോണിലെ വിവരങ്ങൾ പരിശോധിക്കാനുള്ള അവസരമുണ്ടായിരുന്ന ഘട്ടത്തിലാണ് ഇതേ ഫോണിൽ നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡും പരിശോധിച്ചിട്ടുള്ളത്. കോടതിയിൽ നിന്നു ദൃശ്യങ്ങൾ ചോർന്നതായുള്ള അതിജീവിതയുടെ ആശങ്കയ്ക്ക് അടിവരയിടുന്നതാണു പുതിയ ഫൊറൻസിക് പരിശോധനാ റിപ്പോർട്ട്.


ഇന്നാണ് പരിശോധനാ ഫലം അന്വേഷണ സംഘം വിചാരണക്കോടതിയിൽ സമർപ്പിച്ചത്. കേസന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി അനുവദിച്ച സമയം വെള്ളിയാഴ്ച അവസാനിക്കും. ഈ സാഹചര്യത്തില്‍ 3 ആഴ്ച കൂടി അന്വേഷണ സംഘം ചോദിച്ചിട്ടുണ്ട്.


Post a Comment

0 Comments