നഗ്നനായി മോഷണത്തിനെത്തിയ കള്ളന്‍റെ ചിത്രം ഫ്ളക്സടിച്ച് പ്രദര്‍ശിപ്പിച്ച് കടയുടമ

LATEST UPDATES

6/recent/ticker-posts

നഗ്നനായി മോഷണത്തിനെത്തിയ കള്ളന്‍റെ ചിത്രം ഫ്ളക്സടിച്ച് പ്രദര്‍ശിപ്പിച്ച് കടയുടമ

 ഉടുതുണിയില്ലാതെ നഗ്നനായി മോഷണത്തിനെത്തിയ കള്ളന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് കടയുടമ. കള്ളന്‍റെ ചിത്രം ഫ്ളക്സടിച്ച് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ബോര്‍ഡില്‍ നല്‍കിയിരിക്കുന്ന ക്യുആര്‍ കോഡ് സ്കാന്‍ ചെയ്താന്‍ നാട്ടുകാര്‍ക്കും മോഷണ ദൃശ്യങ്ങള്‍ കാണാനാകും. തിരുവനന്തപുരം കവടിയാറിലെ പണ്ഡിറ്റ് കോളനിയിലെ കള്‍ച്ചറല്‍ ഷോപ്പി എന്ന എന്ന കരകൗശല വില്‍പ്പന സ്ഥാപനത്തിന്റെ നടത്തിപ്പുകാരാണ് കള്ളനെ പിടിക്കാന്‍ ഈ പുതിയ വഴി തേടിയത്.


നഗ്നദൃശ്യങ്ങള്‍ നാട്ടുകാര്‍ കണ്ടതറിഞ്ഞ് നാണംകെട്ട് കള്ളന്‍ കീഴടങ്ങുമെന്നാണ് സ്ഥാപന ഉടമകളുടെ പ്രതീക്ഷ. ജൂണ്‍ 24, 25, 26 തീയതികളില്‍ പുലര്‍ച്ചെ ഒരുമണിയോടെയാണ് അടിവസ്ത്രം മാത്രം ധരിച്ച് തലയില്‍ക്കെട്ടുകൊണ്ട് മുഖം മറച്ച് കള്ളനെത്തിയത്.


ആദ്യദിവസം പൂര്‍ണ നഗ്‌നനായാണ് സ്ഥാപനത്തിന്റെ പുറകിലുള്ള മതില്‍ചാടിക്കടന്ന് എത്തിയത്. രണ്ടാം ദിവസവും ഇവിടെയെത്തി പരിസരം നിരീക്ഷിച്ചു മടങ്ങി. രണ്ടുദിവസംകൊണ്ട് കടയുടെ ജനല്‍ക്കമ്പികള്‍ മുറിച്ചുമാറ്റി മടങ്ങുകയായിരുന്നു. ആദ്യദിവസം ഈ ഭാഗത്തെ ക്യാമറ തിരിച്ചുവച്ചശേഷമാണ് കള്ളന്‍ മടങ്ങിയത്.


26-ാം തീയതി കള്ളന്‍ കടയ്ക്കുള്ളില്‍ക്കടന്ന് മോഷണം നടത്തി. വിലപിടിപ്പുള്ള ആറന്മുളക്കണ്ണാടി, നെട്ടൂര്‍പെട്ടി, ചെന്നപട്ടണം കളിപ്പാട്ടങ്ങള്‍ എന്നിവ ഉണ്ടായിട്ടും  ഇന്‍വെര്‍ട്ടറും യു.പി.എസും എടുത്തുകൊണ്ടാണ് കള്ളന്‍ സ്ഥലംവിട്ടത്. ഇതിനിടയില്‍ തുമ്മാനായി തലയില്‍ക്കെട്ട് അഴിച്ചപ്പോള്‍ നരച്ച താടി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞു. ഇതോടെ കള്ളന്റെ മുഖം വ്യക്തമാകുന്ന നിരവധി വീഡിയോ ചിത്രങ്ങള്‍ ക്യാമറയില്‍ ലഭിച്ചു.


അടുത്തദിവസം തന്നെ മ്യൂസിയം പോലീസില്‍  കടയുടമ പരാതി നല്‍കി. മൂന്നാഴ്ച കഴിഞ്ഞിട്ടും കള്ളനെ പിടികൂടാന്‍ കഴിയാതെ വന്നതോടെ കള്ളനെ തിരിച്ചറിയാന്‍ നാട്ടുകാര്‍ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ബോര്‍ഡ് വച്ച് വീഡിയോ പരസ്യമാക്കിയതെന്ന് സ്ഥാപനത്തിന്റെ ഡയറക്ടര്‍ രഞ്ജിത്, കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് എന്നിവര്‍ പറഞ്ഞു. സ്ഥാപനത്തിന്റെ വെബ്സൈറ്റിലും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

Post a Comment

0 Comments