37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അപകടത്തില്‍ മകള്‍ മരിച്ച അതേ സ്ഥലത്ത് വച്ച് തന്നെ പിതാവിനും ദാരുണാന്ത്യം. കോട്ടയം തെള്ളകം സ്വദേശി എം കെ ജോസഫാണ് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് ഇടിച്ചു മരിച്ചത്.
വ്യാഴാഴ്ച രാത്രി 9.10ന് തെള്ളകം ഹോളിക്രോസ് സ്‌കൂളിന് സമീപമാണ് അപകടം. ചെറിയ റോഡില്‍ നിന്ന് താഴേക്ക് വന്ന ജോസഫ് സഞ്ചരിച്ച സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന്റെ അടിയിലേക്കാണ് സ്‌കൂട്ടര്‍ ഇടിച്ചുകയറിയത്.
1985ലാണ് ജോസഫിന്റെ മകള്‍ ജോയ്‌സ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇതേ സ്ഥലത്ത് വച്ച് കാര്‍ ഇടിച്ചുമരിച്ചത്. അന്ന് മകള്‍ക്ക് നാലുവയസു മാത്രമായിരുന്നു പ്രായം. അതിന് ശേഷം സംഭവസ്ഥലത്ത് വച്ച് വിവിധ വാഹനാപകടങ്ങളില്‍ ഏഴുപേരാണ് മരിച്ചത്. വാഹനാപകടത്തില്‍ ജോസഫ് മരിച്ചതാണ് ഒടുവിലത്തെ സംഭവം.
പ്രദേശത്തെ വളവുകളാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്ത് ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ നാലു വളവുകളാണ് ഉള്ളത്. സുരക്ഷിത പാത ഒരുക്കുന്നതിന് അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ