തിരുവനന്തപുരം: അക്രമകാരികളായ നായ്ക്കളെയും പേ വിഷ ബാധയേറ്റ നായ്ക്കളേയും കൊല്ലാൻ കോടതിയുടെ അനുമതി തേടുമെന്ന് മന്ത്രി എംബി രാജേഷ്. തെരുവ് നായ വാക്സിനേഷന് കൂടുതൽ പേർക്ക് പരിശീലനം നൽകും. ഇതിനായി വെറ്റിനറി സർവകലാശായുടെ സഹായം തേടും. ഓറൽ വാക്സിനേഷൻ നൽകുന്ന കാര്യവും ആലോചിക്കുമെന്ന് മന്ത്രി എം ബി രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തെരുവുപട്ടികൾക്കെതിരേ അടിയന്തര -ദീർഘകാല നടപടികൾ സ്വീകരിക്കാൻ ഉന്നതതലയോഗത്തിൽ തീരുമാനിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന ഊർജിത വാക്സിനേഷൻ പദ്ധതിക്ക് ഉടൻ തുടക്കമാകുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കടി കൊണ്ടാലും ഗുരുതരമാകാതിരിക്കാനാണ് നടപടി. കോവിഡ് കാലത്തെ സന്നദ്ധ സേനയിൽ നിന്ന് താത്പര്യമുള്ളവർ, കുടുംബശ്രീ, തുടങ്ങിയവർക്ക് പരിശീലനം നൽകും. പഞ്ചായത്ത് അടിസ്ഥാനത്തിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം കണ്ടെത്തി ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
നായ്ക്കളെ വാക്സിനേഷന് എത്തിച്ചാൽ 500 രൂപ പാരിതോഷികം നൽകാനും ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. സെപ്റ്റംബർ 20 മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന ഊർജിത വാക്സിനേഷൻ ഡ്രൈവ് നടത്തും. ഇതിനായി പഞ്ചായത്തുകൾക്ക് പ്രത്യേക വാഹനം വാടകയ്ക്ക് എടുക്കാൻ അനുമതി നൽകും.
തെരുവ് നായക്കൾക്കായി പഞ്ചായത്ത് തലത്തിൽ ഷെൽട്ടറുകൾ ആരംഭിക്കും. നിലവിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ ഷെൽട്ടറുകൾ തുടങ്ങും. ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി അവിടെ പ്രത്യേക ഊന്നൽ നൽകും. മനുഷ്യർക്ക് കടിയേറ്റ പ്രദേശങ്ങളാണ് ഹോട്ട് സ്പോട്ടുകളായി കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പൊതു ഇടങ്ങളിലെ മാലിന്യം തെരുവ് നായ ശല്യം കൂട്ടുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മാലിന്യ നീക്കം കുറ്റമറ്റരീതിയിൽ നടപ്പാക്കാൻ നടപടി സ്വീകരിക്കും. മാലിന്യം നീക്കുന്നതിന് ജനങ്ങളുടെ സഹായത്തോടെ കർമ പദ്ധതി ആവിഷ്കരിക്കും. ഇതിനായി കോവിഡ് കാലത്ത് രൂപം കൊടുത്ത സന്നദ്ധ സേനയെ പുനരുജ്ജീവിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
0 Comments