ശനിയാഴ്‌ച, മാർച്ച് 04, 2023

 



സ്വർണ്ണം കടത്താൻ വ്യത്യസ്തമായ വഴികൾ പരീക്ഷിക്കുകയാണ് കള്ളക്കടത്ത് സംഘങ്ങൾ. കരിപ്പൂരിൽ  കസ്റ്റംസ് പിടികൂടിയത് മൂന്ന് പേരിൽ നിന്നായി 65 ലക്ഷം രൂപ മൂല്യം കണക്കാക്കുന്ന 1.2 കിലോ സ്വർണം. ഇന്നു രാവിലെ ദുബായിൽനിന്നും ജിദ്ദയിൽ നിന്നും എത്തിയ മൂന്നു യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ലാപ്ടോപിന്റെയും എയർപോഡിന്റെയും ബാറ്ററികളുടെ ഭാഗത്തും ശരീരത്തിനുള്ളിലുമായി ഒളിപ്പിച്ചു കൊണ്ടാണ് സ്വർണം കൊണ്ടുവരാൻ ശ്രമിച്ചത്.


ദുബായിൽനിന്നും ഇൻഡിഗോ എയർലൈൻസ്  വിമാനത്തിൽ എത്തിയ കാസർഗോഡ്  സ്വദേശികളായ കളത്തൂർ മുഹമ്മദ് (44) തൈവളപ്പിൽ മാഹിൻ അബ്ദുൽ റഹ്മാൻ (51) എന്നിവരാണ് ലാപ്ടോപ്പിലും  എയർപോഡുകളിലും സ്വർണം കടത്തിയത്. ലാപ്ടോപ്പിന്റേയും എയർപോഡിന്റേയും ബാറ്ററികളുടെ ഭാഗത്ത് ചെറിയ  കഷണങ്ങളായും പാളികളുടെ രൂപത്തിലും ഒളിപ്പിച്ചു വച്ചിരുന്ന സ്വർണമാണ് കസ്റ്റംസ്‍  ഉദ്യോഗസ്ഥർ പിടികൂടിയത്.

മുഹമ്മദ്‌ കൊണ്ടുവന്ന മൂന്നു ലാപ്ടോപ്പുകളിൽ നിന്നും രണ്ടു എയർപോഡുകളിൽ നിന്നുമായി ഏകദേശം 5 ലക്ഷം രൂപ വിലമതിക്കുന്ന 95 ഗ്രാം തങ്കവും മാഹിൻ കൊണ്ടുവന്ന ഒരു ലാപ്ടോപ്പിൽ നിന്നും ഒരു എയർപോഡിൽ നിന്നുമായി ഏകദേശം 2 ലക്ഷം രൂപ  വിലമതിക്കുന്ന 34 ഗ്രാം തങ്കവുമാണ് പിടികൂടിയത്.

ജിദ്ദയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ എത്തിയ മലപ്പുറം കോട്ടക്കൽ സ്വദേശിയായ പന്തലൂക്കാരൻ ആഷിഖിൽ (26) നിന്നും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കൊണ്ടുവന്ന ഏകദേശം 58 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ മിശ്രിത മടങ്ങിയ 1168 ഗ്രാം തൂക്കമുള്ള  നാലു ക്യാപ്സൂളുകളാണ് എയർ  കസ്റ്റംസ്  ഉദ്യോഗസ്ഥർ പിടികൂടിയത്.


ഈ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്ത ശേഷം ആഷിഖിന്റെ അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിക്കുന്നതാണ്. ആശിഖിനു കള്ളക്കടത്തു സംഘം പ്രതിഫലമായി 80000 രൂപയാണ് വാഗ്ദാനം ചെയ്തിരുന്നത് എന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ