നാടിന്റെ ഒത്തൊരുമയിൽ ഒരു ഇഫ്താർ , ശ്രദ്ധേയമായി മുക്കൂട് ജി.എൽ.പി സ്‌കൂളിലെ ഇഫ്താർ സംഗമം

LATEST UPDATES

6/recent/ticker-posts

നാടിന്റെ ഒത്തൊരുമയിൽ ഒരു ഇഫ്താർ , ശ്രദ്ധേയമായി മുക്കൂട് ജി.എൽ.പി സ്‌കൂളിലെ ഇഫ്താർ സംഗമം

 


അജാനൂർ : മനുഷ്യ മനസ്സുകളിൽ വെറുപ്പിന്റെ സിദ്ധാന്തം ഉല്പാദിപ്പിക്കാനല്ല , മറിച്ച് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വിത്തുകൾ മുളപ്പിക്കാനാണ് ഓരോ മതങ്ങളും കൽപിക്കുന്നത് എന്ന ആശയം ഊട്ടി ഉറപ്പിക്കുന്നതായിരുന്നു ആ ഇഫ്താർ സംഗമം . ഉച്ചയോടു കൂടി ഏകദേശം ജി എൽ പി എസ് മുക്കൂടിന്റെ അങ്കണം നാട്ടുകാരെ കൊണ്ട് സജീവമായിരുന്നു . ഒരു ഭാഗത്ത് തണ്ണിമത്തനും പാലും ചെറുനാരങ്ങയും കൊണ്ട് പാനീയം തയ്യാറാക്കുന്ന തിരക്കിൽ ഫൈസലും കൂട്ടരും , മറ്റൊരു ഭാഗത്ത് ഇഫ്താറിലേക്ക് നാട്ടിലെ വീടുകളിൽ നിന്നും കൊണ്ട് വരുന്ന വിഭവങ്ങൾ ശേഖരിക്കാൻ മണി ടീച്ചറുടെ നേതൃത്വത്തിൽ മറ്റൊരു സംഘം , കൊണ്ട് വന്ന വിഭവങ്ങൾ മുറിച്ചു കഴിക്കാൻ പാകത്തിൽ തയ്യാറാക്കാൻ മദർ പിടിഎ പ്രസിഡന്റ് സുനിത പ്രകാശന്റെ നേതൃത്വത്തിൽ മറ്റൊരു സംഘം , അപ്പങ്ങളും ഫ്രൂട്സുകളും പാത്രത്തിൽ ആക്കാൻ മൂസാച്ചയുടെ നേതൃത്വത്തിൽ മറ്റൊരു സംഘം , മത സൗഹാർദ്ദ സദസ്സിന് വേദി തയ്യാറാക്കാൻ പിടിഎ പ്രസിഡന്റ് റിയാസ് അമലടുക്കത്തിന്റെയും, രാജേഷിൻറെയും നേതൃത്വത്തിൽ മറ്റൊരു സംഘം , അങ്ങനെ ആകെ ഒരു കല്യാണ പ്രതീതി തന്നെ ആയിരുന്നു മുക്കൂട് സ്‌കൂളിൽ . 


വൈകുന്നേരം 5 മണിയോട് കൂടി മത സൗഹാർദ്ദ സദസ്സ് ആരംഭിച്ചു . വർഗ്ഗീയ ശക്തികൾ സംഹാര താണ്ഡവം ആടുന്ന വർത്തമാന കാലത്ത് നാട്ടിലെ വിവിധ ജാതി മത രാഷ്ട്രീയ സംഘടന പ്രവർത്തകരെ ഒരുമിപ്പിച്ചു മുക്കൂട് സ്‌കൂളിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം വലിയ മാതൃകയാണ് സമൂഹത്തിന് നൽകുന്നത് എന്ന് സദസ്സ് ഉദ്‌ഘാടനം ചെയ്ത് വാർഡ് മെമ്പർ എം ബാലകൃഷ്ണൻ പറഞ്ഞു . പി.ടി.എ പ്രസിഡന്റ് റിയാസ് അമലടുക്കം അധ്യക്ഷം വഹിച്ച സദസ്സിൽ ഗസ്സാലി മസ്ജിദ് ചീഫ് ഇമാമും , അക്കാദമി പ്രിൻസിപ്പാളുമായ ശിഹാബുദ്ധീൻ സഖാഫി കാക്കടവ് റംസാൻ സന്ദേശം കൈമാറി . ശശി ചിറക്കൽ , ഓ.കെ അസീസ് , സാറിയാത്ത , ഹാജിറ അബ്ദുൽ സലാം ,
ടി പി മുഹമ്മദ് , അബ്ദുൽ ഖാദർ ബാഖഫി , രാജേന്ദ്രൻ കോളിക്കര , കെ കെ അഷ്‌റഫ് , ഹമീദ് മുക്കൂട് , വിവേക് കുന്നത്ത് കടവ് , സി പി സുബൈർ തുടങ്ങിയവർ സംസാരിച്ചു . പ്രഥമാധ്യാപിക ജയന്തി ടീച്ചർ സ്വാഗതവും , എം മൂസാൻ നന്ദിയും പറഞ്ഞു .

Post a Comment

0 Comments