കേരളത്തിലേക്ക് വിമാനത്തിലെത്തി മോഷണം നടത്തി വിമാനത്തില്‍ തന്നെ മടങ്ങുന്ന ആന്ധ്രാ സ്വദേശി പിടിയില്‍

LATEST UPDATES

6/recent/ticker-posts

കേരളത്തിലേക്ക് വിമാനത്തിലെത്തി മോഷണം നടത്തി വിമാനത്തില്‍ തന്നെ മടങ്ങുന്ന ആന്ധ്രാ സ്വദേശി പിടിയില്‍


 ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തിലേക്ക് വിമാനത്തിലെത്തി മോഷണം നടത്തി വിമാനത്തില്‍ തന്നെ മടങ്ങുന്ന കള്ളന്‍ സമ്പതി ഉമ പ്രസാദ് അറസ്റ്റില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ അറസ്റ്റിലായത്.

മോഷണം നടന്ന സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായതെന്ന് പൊലീസ് കമ്മീഷണര്‍ നാഗരാജു അറിയിച്ചു. മോഷണം നടത്തിയതില്‍ തൊണ്ടി മുതലുകളില്‍ ചിലത് ചാക്ക പാലത്തിന്റെ അടിയില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.


കേരളത്തിലെത്തിയ സമയത്ത് പ്രതി യാത്ര ചെയ്ത ഒരു ഓട്ടോ ഡ്രൈവറിലേക്കെത്താന്‍ സാധിച്ചതാണ് കേസില്‍ വഴിത്തിരിവായത്. ഓട്ടോഡ്രൈവര്‍ പ്രതിയെ കൊണ്ടു വിട്ട ഹോട്ടലിലെത്തി പ്രതി നല്‍കിയ രേഖകള്‍ പരിശോധിച്ചതിലൂടെയാണ് പേരും മേല്‍വിലാസവുമടക്കമുള്ള കാര്യങ്ങള്‍ പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കേരളത്തിലേക്ക് വരാന്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്തത് വ്യക്തമായതോടെയാണ് പ്രതിയെ അന്വേഷണ സംഘം ജൂലൈ അഞ്ചിന് അറസ്റ്റ് ചെയ്തത്.


കഴിഞ്ഞ മെയ് 28ന് ഇയാള്‍ ആന്ധ്രയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തില്‍ എത്തിയിരുന്നു. തുടര്‍ന്ന് പത്മനാഭ സ്വാമി ക്ഷേത്രവും മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. ഇതിന് ശേഷം തിരിച്ചു പോയ ഇയാള്‍ ജൂണ്‍ ആറാം തിയതി തിരിച്ച് കേരളത്തിലെത്തുകയും, പേട്ട സ്റ്റേഷന്‍ പരിധിയില്‍ മോഷണം നടത്തുകയും ചെയ്തു. ശേഷം ജൂലൈ ഒന്നിന് ആന്ധ്രയിലേക്ക് മടങ്ങുകയായിരുന്നു.


സ്വര്‍ണമാണ് ഇയാള്‍ പ്രധാനമായും മോഷ്ടിക്കുന്നത്. മോഷ്ടിച്ച സ്വര്‍ണം ആന്ധ്രയില്‍ കൊണ്ടു പോയി പണയം വെക്കുകയാണ് ചെയ്യുന്നത്. പകല്‍ കറങ്ങി നടന്ന ആള്‍താമസമില്ലാത്ത വീടുകള്‍ നോക്കിവെച്ചാണ് മോഷണം. വീടുകളിലെ നിരീക്ഷണ ക്യാമറകള്‍ ഓഫ് ചെയ്ത ശേഷം മോഷണം നടത്തി ഒപ്പം അതിന്റെ ബോക്‌സും ഉമ പ്രസാദ് കൊണ്ടു പോകുമെന്നും പൊലീസ് പറഞ്ഞു.

Post a Comment

0 Comments