റുബീനക്കും ഹനാന മറിയത്തിനും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; ആത്മഹത്യാകുറിപ്പ്‌ കണ്ടെടുത്തു

LATEST UPDATES

6/recent/ticker-posts

റുബീനക്കും ഹനാന മറിയത്തിനും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; ആത്മഹത്യാകുറിപ്പ്‌ കണ്ടെടുത്തുഉദുമ: കിണറ്റില്‍ മരിച്ച നിലയിൽ കാണപ്പെട്ട യുവതിക്കും അഞ്ചുവയസുകാരിയായ മകള്‍ക്കും നാടിന്‍റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കളനാട്‌  അരമങ്ങാനം  ഹദ്ദാദ്‌നഗറിലെ എം.എ.റുബീന (32), മകള്‍ അഞ്ചുവയസുള്ള കെ.ഹനാനമറിയം എന്നിവരുടെ മൃതദേഹങ്ങള്‍ രാവിലെ കളനാട്‌ ഹൈദ്രോസ്‌ ജുമാമസ്‌ജിദ്‌ ഖബറിസ്ഥാനിൽ നൂറുകണക്കിനു പേരുടെ സാന്നിദ്ധ്യത്തില്‍ സംസ്‌ക്കരിച്ചു.


വ്യാഴാഴ്ച രാത്രിയിലാണ്‌ റുബീനയെയും മകളെയും കാണാതായത്‌. ഇതു സംബന്ധിച്ച്‌ പിതാവ്‌ മേല്‍പറമ്പ്‌ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം തുടരുന്നതിനിടയില്‍ അയല്‍പക്കത്തെ പറമ്പിലെ കിണറ്റിൻ കരയില്‍ റുബീനയുടെ ചെരുപ്പു കണ്ടെത്തി. കിണറിനകത്തു പരിശോധിച്ചപ്പോഴാണ്‌ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌. മേല്‍പറമ്പ്‌ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരുടെ സഹായത്തോടെ മൃതദേഹങ്ങള്‍ പുറത്തെടുത്ത്‌ ഇന്‍ക്വസ്റ്റ്‌ നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി.


ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദമുള്ള റുബീന സ്വകാര്യ നഴ്‌സറി സ്‌കൂളിലെ അധ്യാപികയാണ്‌. റുബീന എഴുതിയതെന്നു കരുതുന്ന കുറിപ്പ്‌ പൊലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇത്‌ പരിശോധിച്ചു വരികയാണ്‌. “മകനെ നല്ലതു പോലെ നോക്കണമെന്നും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും” കത്തിലുള്ളതായി പൊലീസ്‌ വൃത്തങ്ങള്‍ സൂചിപ്പിച്ചു. സാമ്പത്തികമായ ചില പ്രശ്‌നങ്ങളാണ്‌ ജീവിത നിരാശയ്‌ക്കു ഇടയാക്കിയതെന്നാണ്‌ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്‌. ഇക്കാര്യം വിശദമായി പരുശോധിച്ചു വരുന്നു. മേല്‍പറമ്പ്‌ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ ടി.ഉത്തംദാസ്‌, എസ്‌.ഐ വി.കെ.വിജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘമാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. അന്വേഷണത്തിന്റെ ഭാഗമായി റുബീനയുടെ മൊബൈല്‍ ഫോണും പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.അരമങ്ങാനത്തെ അബ്‌ദുള്‍ റഹ്മാന്‍-മറിയം ദമ്പതികളുടെ മകളാണ്‌ റുബീന. പ്രവാസിയായ കീഴൂരിലെ താജുദ്ദീനാണ്‌ ഭര്‍ത്താവ്‌. ഏഴു വര്‍ഷം മുമ്പാണ്‌ ഇവരുടെ വിവാഹം. മരണപ്പെട്ട മറിയം ഉദുമ ഇസ്ലാമിക്‌ എ.എല്‍.പി സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥിനിയാണ്‌. രണ്ടര വയസുള്ള മൊയിന്‍ അബ്‌ദുള്ള സഹോദരന്‍. ആരോഗ്യവകുപ്പ്‌ ജീവനക്കാരി ഹസീനയാണ്‌ റുബീനയുടെ സഹോദരി.

Post a Comment

0 Comments